'ജനാധിപത്യ പാരമ്പര്യങ്ങളെ എല്ലാവരും ബഹുമാനിക്കണം'; ബ്രസീലിലെ കലാപങ്ങളിൽ ഉത്കണ്ഠയറിയിച്ച് നരേന്ദ്രമോദി
ബ്രസീലിയൻ അധികാരികൾക്ക് പൂർണ പിന്തുണ നൽകുകയാണെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംഘർഷത്തിൽ ഉത്കണ്ഠയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ പാരമ്പര്യങ്ങൾ എല്ലാവരും ബഹുമാനിക്കണം. ബ്രസീലിയൻ അധികാരികൾക്ക് പൂർണ പിന്തുണ നൽകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്ര വലതുപക്ഷക്കാരനായ മുൻ പ്രസിഡന്റ് ബോൾസനാരോയെ അനുകൂലിക്കുന്നവർ പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും സുപ്രിംകോടതിയും ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിൽ പ്രധാനമന്ത്രിയുടെ പ്രതികരണം.
ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ ടാഗ് ചെയ്താണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
കലാപത്തെ ഫാസിസ്റ്റ് ആക്രമണമെന്നാണ് ലുല ഡ സിൽവ വിശേഷിപ്പിച്ചത്. എന്നാൽ ബോൾസനാരോ അക്രമ സംഭവങ്ങളെ അപലപിച്ച് രംഗത്തെത്തി. ഒക്ടോബറിൽ നടന്ന ബ്രസീലിലെ തെരഞ്ഞെടുപ്പിൽ ബോൾസോനാരോയെ തോൽപ്പിച്ച് ഇടതുപക്ഷ നേതാവായ ലുല ഡ സിൽവ ഒരാഴ്ച മുമ്പാണ് അധികാരമേറ്റത്.
രാജ്യത്തിന്റെ ചരിത്രത്തിൽ മുമ്പ് ഉണ്ടായിട്ടില്ലാത്ത ഫാസിസ്റ്റ് ആക്രമണമാണ് നടന്നതെന്നും കലാപകാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ലുല ഡ സിൽവ പറഞ്ഞു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനാണ് ലുല ഡ സിൽവ ജയിച്ചുകയറിയത്. 50.9 ശതമാനം വോട്ടുകളാണ് ലുല നേടിയത്. 49.1 ശതമാനം വോട്ടുകൾ ബോൾസനാരോയും നേടി. തന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെ ബോൾസനാരോ യു.എസിലേക്ക് കടന്നിരുന്നു. ബ്രസീൽ തെരഞ്ഞെടുപ്പ് അതോറിറ്റികളും കോടതിയും നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് ബോൾസനാരോ പറഞ്ഞു. തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയാണ് ലുല ഡ സിൽവ പ്രസിഡന്റായത് എന്നാണ് ബോൾസനാരോ അനുകൂലികളുടെ വാദം.
കലാപത്തിന് പ്രേരിപ്പിച്ചുവെന്ന പ്രസിഡന്റ് ലുല ഡ സിൽവയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബോൾസനാരോ വ്യക്തമാക്കി. അതേസമയം കലാപകാരികളെ നേരിടാൻ സർക്കാർ സൈന്യത്തെ നിയോഗിച്ചു. നിരവധിപേരെ സൈന്യവും പൊലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രസിഡന്റിനെ പുറത്താക്കാൻ സൈന്യം ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പൊലീസ് ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിന് അകത്ത് കയറിയ പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിന്റെ ജനലുകളും വാതിലുകളും അടിച്ചുതകർത്തു.