രാജ്യദ്രോഹക്കുറ്റം ചുമത്തി അന്യായ തടങ്കൽ: 'സംസ്ഥാനം നഷ്ടപരിഹാരം നൽകണം'; ആക്ടിവിസ്റ്റ് സുപ്രീംകോടതിയിൽ
ഫേസ്ബുക്ക് പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലിട്ട മണിപ്പൂർ ആക്ടിവിസ്റ്റാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്
ഫേസ്ബുക്ക് പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലിട്ട മണിപ്പൂർ ആക്ടിവിസ്റ്റ് എറെൻഡ്രോ ലീചോംബ ജയിൽമോചിതനായതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ. ഗോമൂത്രവും ചാണകവും കൊണ്ട് കോവിഡിന് കാര്യമുണ്ടായില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് എറെൻഡ്രോക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
എറെൻഡ്രോയെ മണിക്കൂറുകൾക്കം വിട്ടയക്കാൻ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കേന്ദ്രസർക്കാറിന്റെ അഭിപ്രായം അറിയിക്കാൻ കേസ് ചൊവ്വാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം തളിക്കളഞ്ഞായിരുന്നു ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ജയിൽമോചിതനായ ഉടൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറെൻഡ്രോ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി മണിപ്പൂർ സർക്കാറിന് നോട്ടീസ് അയച്ചു. ഹരജി ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മണിപ്പൂർ സർക്കാറിന് മറുപടി നൽകാൻ രണ്ടാഴ്ച സമയം നൽകി. തനിക്കെതിരെ ചുമത്തിയ അഞ്ചു കേസുകളില്‍ ഒന്നില്‍പോലും ഇതുവരെ പൊലീസ് കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും എറെൻഡ്രോ ചൂണ്ടിക്കാട്ടി.
ഇത് അതിഗുരുതരമായ വിഷയമാണ്. ഒരാള്‍ക്ക് കഴിഞ്ഞ മേയ് മുതല്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുക എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വാക്കാൽ പരാമർശിച്ചു. സുപ്രീംകോടതി നിര്‍ദേശം ലഭിച്ച ഉടന്‍തന്നെ ജയില്‍മോചനം സാധ്യമാക്കിയെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.