കോൺഗ്രസിന് പിടിവാശി; ഇൻഡ്യ മുന്നണിയുമായി ഇടഞ്ഞ് ആം ആദ്‌മിയും, പഞ്ചാബിൽ സഖ്യത്തിനില്ല
പഞ്ചാബിലെ 13 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു
ഡൽഹി: ബംഗാളിന് പിന്നാലെ പഞ്ചാബിലും ഇൻഡ്യ മുന്നണിയിൽ ഭിന്നത. പഞ്ചാബിലെ 13 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നാണ് ഇക്കാര്യം അറിയിച്ചത്.
മുന്നോട്ട് വെച്ച നിർദേശങ്ങൾ പാലിക്കാൻ കോൺഗ്രസ് തയ്യാറാകാത്തതിനാൽ ബംഗാളിൽ സഖ്യമില്ലെന്ന് മമതാ ബാനർജി ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആ ആദ്‌മിയുടെ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ സഖ്യകക്ഷികളായ പാർട്ടികളുടെ തീരുമാനം ഇൻഡ്യ മുന്നണിക്ക് ഇരട്ട പ്രഹരമാണ് നൽകിയിരിക്കുന്നത്.
മമത ബാനർജിയുടെ തീരുമാനം എഎപി പിന്തുടരുമോ എന്ന ചോദ്യത്തിന് പഞ്ചാബിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് തന്നെ മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. കോൺഗ്രസുമായി ഒരു ബന്ധവുമില്ലെന്നും സംസ്ഥാനത്തെ 13 ലോക്‌സഭാ സീറ്റുകളിലും ഒറ്റക്ക് തന്നെ മത്സരിക്കുമെന്നും ഭഗവന്ത് മൻ വ്യക്തമാക്കി.
ഒറ്റക്ക് പൊതുതെരഞ്ഞെടുപ്പ് നേരിടാനുള്ള ആം ആദ്മിയുടെ പഞ്ചാബ് ഘടകത്തിന്റെ നിര്‍ദ്ദേശത്തിന് അരവിന്ദ് കെജ്‌രിവാൾ അംഗീകാരം നല്‍കിയതായി പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന് പിടിവാശിയുണ്ടെന്നും എഎപി വൃത്തങ്ങൾ ആരോപിച്ചു.