'മുഖ്യമന്ത്രിയായി ഞങ്ങള്‍ക്ക് ഡി.കെ വേണം'; സോണിയയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി ഡി.കെ അനുകൂലികള്‍
ഉപമുഖ്യമന്ത്രി സ്ഥാനം നിരസിച്ച ഡി.കെ പല ഉപമുഖ്യമന്ത്രിമാരിൽ ഒരാളാകാൻ ഇല്ലെന്ന് വ്യക്തമാക്കി
ഡൽഹി: സോണിയയുടെ വസതിക്ക് മുന്നിൽ ഡി.കെ ശിവകുമാറിന്‍റെ അനുകൂലികളുടെ പ്രതിഷേധം. ഡി.കെയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അതേ സമയം ആഭ്യന്തര കലാപത്തിനില്ലെന്ന് ശിവകുമാർ ഉറപ്പ് നൽകി. ഉപമുഖ്യമന്ത്രി സ്ഥാനം നിരസിച്ച ഡി.കെ പല ഉപമുഖ്യമന്ത്രിമാരിൽ ഒരാളാകാൻ ഇല്ലെന്ന് വ്യക്തമാക്കി.
മല്ലികാർജുൻ ഖാർഗെ, സോണിയാഗാന്ധി, പ്രിയങ്കാ ഗാന്ധി, രൺദീപ് സിംഗ് സുർജേവാല എന്നിവരുടെ പിന്തുണ ശിവകുമാറിന് ഉണ്ടായിരുന്നെങ്കിലും ഒന്നാം ടേമിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. അതേ സമയം രണ്ടാം ടേമിലെ മുഖ്യമന്ത്രി പദവി ഡി.കെ ശിവകുമാറിന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിട്ടുണ്ട്.
കർണാടകയിൽ ഉജ്വല വിജയത്തോടെ ഗംഭീര തിരിച്ചുവരവ് നടത്തിയ കോൺഗ്രസിന് ശക്തി പകർന്ന് മുൻനിര നേതാക്കളിൽ പ്രധാനിയാണ് ഡി.കെ ശിവകുമാർ. കപ്പിത്താനായി കോൺഗ്രസിനെ ജയിച്ച ഡി.കെ ശിവകുമാർ തന്നെയാണ് ഭൂരിപക്ഷത്തിന്റെ കാര്യത്തിലും മുന്നിൽ. ഒന്നേകാൽ ലക്ഷം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് കനക്പുരയിൽ ഡികെ മിന്നും വിജയം നേടിയത്.
ജെഡിഎസിന്റെ ബി നാഗരാജുവിനെയാണ് ഡികെ വമ്പൻ മാർജിനിൽ പരാജയപ്പെടുത്തിയത്. കേവലം 20631 വോട്ട് മാത്രമാണ് നാഗരാജു നേടിയത്. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ബിജെപി സ്ഥാനാർഥി ആർ അശോകയ്ക്ക് 19753 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആകെ 1,43,023 വോട്ടുകളാണ് പിസിസി അധ്യക്ഷൻ കൂടിയായ ഡികെ നേടിയത്. കൃത്യമായി പറഞ്ഞാൽ 1,22,392 വോട്ടുകളുടെ ഭൂരിപക്ഷം.