കമൽ ഹാസനെ രാജ്യസഭയിലേക്ക് അയക്കാൻ ഡിഎംകെ; സ്റ്റാലിന്റെ നിർദേശപ്രകാരം താരത്തെ കണ്ട് മന്ത്രി ശേഖര്‍ ബാബു

ജൂലൈയിൽ തമിഴ്നാട്ടിൽ ആറ് രാജ്യസഭാ സീറ്റുകളിൽ ഒഴിവ് വരും. ഇതിലൊന്നിൽ കമൽ ഹാസനെ സ്ഥാനാർഥിയാക്കാനാണ് ഡിഎംകെ തീരുമാനം

Update: 2025-02-12 07:18 GMT
Editor : rishad | By : Web Desk
Advertising

ചെന്നൈ: സിനിമാ താരവും മക്കൾ നീതിമയ്യം നേതാവുമായ കമൽ ഹാസനെ രാജ്യസഭയിലേക്ക് അയക്കാൻ ഡിഎംകെ. ഇതിന്റെ ഭാഗമായി മന്ത്രിയും ഡിഎംകെ നേതാവുമായ ശേഖർ ബാബു, കമൽ ഹാസനുമായി കൂടിക്കാഴ്ച നടത്തി.

കമല്‍ ഹാസന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശപ്രകാരമാണ് കൂടിക്കാഴ്ച. മക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി എ. അരുണാചലവും ചര്‍ച്ചയില്‍ പങ്കെടുത്തു. ജൂലൈയിൽ തമിഴ്നാട്ടിൽ ആറ് രാജ്യസഭാ സീറ്റുകളിൽ ഒഴിവ് വരും. ഇതിലൊന്നിൽ കമൽ ഹാസനെ സ്ഥാനാർഥിയാക്കാനാണ് ഡിഎംകെ തീരുമാനം.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് മക്കൾ നീതിമയ്യം, ഡിഎംകെ സഖ്യത്തിൽ ചേർന്നത്. മക്കള്‍ നീതി മയ്യത്തിന്റെ ആദ്യ രാജ്യസഭാ എംപിയായി കമല്‍ ഹാസന്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. ഡിഎംകെ മുന്നണിയുടെ ഭാഗമായ കമല്‍ ഹാസന് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് നേരത്തേ ഡിഎംകെ ഉറപ്പുനല്‍കിയിരുന്നു. നേരത്തെ, സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമല്‍ ഹാസന്‍, സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ പിന്നോട്ടുപോയിരുന്നു. 

ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്‌ മത്സരിക്കുന്ന കോയമ്പത്തൂരിൽ നിന്ന്  പിന്മാറണമെന്ന് കമലിനോട് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് മത്സരിക്കുന്നില്ലെന്ന് താരം പ്രഖ്യാപിച്ചത്. ഇതിന് പകരമായി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കമൽഹാസനു മാത്രമേ സീറ്റ് നൽകൂവെന്നാണ് ഡിഎംകെ അറിയിച്ചിരുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News