ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പത്രികാസമര്‍പ്പണത്തിനു മുന്‍പായി പാർലമെന്‍റിലെ മഹാത്മാഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, ബിർസ മുണ്ട എന്നിവരുടെ പ്രതിമകളിൽ മുർമു പുഷ്പാർച്ചന നടത്തി

Update: 2022-06-24 07:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, ബി.ജെ.പി, എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാസമര്‍പ്പണം.

പത്രികാസമര്‍പ്പണത്തിനു മുന്‍പായി പാർലമെന്‍റിലെ മഹാത്മാഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, ബിർസ മുണ്ട എന്നിവരുടെ പ്രതിമകളിൽ മുർമു പുഷ്പാർച്ചന നടത്തി.സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ജാർഖണ്ഡ് മുക്തി മോർച്ച നിയമസഭാംഗങ്ങളുടെയും എം.പിമാരുടെയും യോഗം നാളെ വിളിച്ചിട്ടുണ്ട്.

പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ ഡല്‍ഹിയിലെത്തിയ ദ്രൗപതി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവരെ സന്ദര്‍ശിച്ചിരുന്നു.അടിസ്ഥാനവർഗ്ഗത്തിൻറെ പ്രശ്നങ്ങളെ കുറിച്ചും രാജ്യത്തിന്‍റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുർമുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വോട്ടെടുപ്പിൽ പങ്കെടുക്കുന്ന പാർട്ടികളുടെ നേതാക്കളുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കൂടിക്കാഴ്ച നടത്തി.

എല്ലാ അംഗങ്ങളും മുർമുവിന് വോട്ട് ചെയ്യണമെന്ന് നവീൻ പട്നായിക് ആവശ്യപ്പെട്ടു. ജെ.ഡി.യുവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഗോത്ര വിഭാഗത്തിൽപ്പെട്ടൊരാൾ ആദ്യമായി രാഷ്ട്രപതി സ്ഥാനാർഥിയാകുമ്പോൾ പ്രതിപക്ഷം സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നും ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണിതെന്നും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിക്കുക.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News