ആശുപത്രിയിലേക്ക് പോകവെ ആംബുലൻസ് റോഡരികിൽ നിർത്തി മദ്യപിച്ച് ഡ്രൈവർ; രോഗിക്കും കൊടുത്തു ഒരു പെഗ്
സംഭവം കണ്ട് ചോദ്യം ചെയ്ത ചിലരോട്, രോഗി ചോദിച്ചതുകൊണ്ടാണ് മദ്യം നൽകിയത് എന്നായിരുന്നു ഡ്രൈവറുടെ മറുപടി.
ജഗത്സിങ്പുർ: ആശുപത്രിയിലേക്ക് രോഗിയേയും കൊണ്ടുപോകവെ ആംബുലൻസ് റോഡരികിൽ നിർത്തി മദ്യപിച്ച് ഡ്രൈവർ. ഗ്ലാസിൽ നുരയുന്ന മദ്യം നോക്കി വെള്ളമിറക്കിയ രോഗിക്കും കൊടുത്തു ഒരു പെഗ്.
ഒഡിഷയിലെ ജഗത്സിങ്പുരിലെ ടിർട്ടോൾ ഏരിയയിലെ ഹൈവേയിലാണ് സംഭവം. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആംബുലൻസിനടുത്ത് നിന്ന് ഗ്ലാസിൽ മദ്യമൊഴിച്ച് കുടിച്ചുകൊണ്ടിരിക്കെ, അകത്തു സ്ട്രെച്ചറിൽ കിടക്കുന്ന രോഗിയും മദ്യപിക്കുകയായിരുന്നു.കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ടായിരുന്നു രോഗിയുടെ കിടപ്പ്.
സംഭവം കണ്ട് ചോദ്യം ചെയ്ത ചിലരോട്, രോഗി ചോദിച്ചതുകൊണ്ടാണ് മദ്യം നൽകിയത് എന്നായിരുന്നു ഡ്രൈവറുടെ മറുപടി. രോഗിക്കൊപ്പം ഒരു സ്ത്രീയും കുട്ടിയും ആംബുലൻസിൽ ഉണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും മദ്യപാനം.
അതേസമയം, അതൊരു സ്വകാര്യ ആംബുലൻസാണെന്നും കൂടുതലൊന്നും പറയാനില്ലെന്നുമാണ് ജഗത്സിങ്പുർ ചീഫ് ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതികരണം. സംഭവത്തിൽ ആർടിഒയും പൊലീസും മദ്യപനായ ഡ്രൈവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആംബുലൻസ് ഡ്രൈവർക്കെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി. എന്നാൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ അന്വേഷണം ആരംഭിക്കൂവെന്നും ടിർട്ടോൾ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്‌പെക്ടർ ജുഗൽ കിഷോർ ദാസ് പറഞ്ഞു. അതേസമയം, വിഷയത്തിൽ മോട്ടോർവാഹന വകുപ്പ് അധികൃതർ പ്രതികരിച്ചിട്ടില്ല.