കേരളത്തിൽനിന്ന് ഒരു വോട്ട് ദ്രൗപദി മുർമുവിന്; ആ ഒരാൾ ആര്?
ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. പോൾ ചെയ്തതിൽ 64.03 ശതമാനം വോട്ടുകൾ ദ്രൗപദിക്ക് ലഭിച്ചപ്പോൾ യശ്വന്ത് സിൻഹക്ക് 35.97 ശതമാനം വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ട് എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന്. ആകെയുള്ള 140 അംഗങ്ങളിൽ 139 പേരും പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹക്കാണ് വോട്ട് ചെയ്തത്. എന്നാൽ ഒരു വോട്ട് ക്രോസ്‌വോട്ടായി മുർമുവിന് ലഭിച്ചു. ആരുടെ വോട്ടാണ് ഇതെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. പോൾ ചെയ്തതിൽ 64.03 ശതമാനം വോട്ടുകൾ ദ്രൗപദിക്ക് ലഭിച്ചപ്പോൾ യശ്വന്ത് സിൻഹക്ക് 35.97 ശതമാനം വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
4754 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. ഇതിൽ 53 എണ്ണം അസാധുവായി. 5,28,491 വോട്ടുമൂല്യമാണ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാൻ വേണ്ടത്. എന്നാൽ ദ്രൗപദി മുർമുവിന് 6,76,803 വോട്ടുമൂല്യം നേടാനായി. 2824 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകളാണ് അവർക്ക് ലഭിച്ചത്. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി യശ്വന്ത് സിൻഹക്ക് 1,877 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകളാണ് ലഭിച്ചത്.
പ്രതിപക്ഷനിരയിൽ വൻ വോട്ട് ചോർച്ചയുണ്ടായെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. പ്രതിപക്ഷനിരയിലെ 17 എം.പിമാർ മുർമുവിന് വോട്ട് ചെയ്തു. ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു.