വൻ മയക്കുമരുന്ന് വേട്ട; ഗുജറാത്ത് തീരത്ത് 600 കോടിയുടെ ലഹരിമരുന്ന് പിടികൂടി; 14 പാക് പൗരന്മാർ അറസ്റ്റിൽ
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്
Update: 2024-04-29 04:26 GMT
പോർബന്തർ: ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പാകിസ്താൻ ബോട്ടിൽ നിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് 86 കിലോ മയക്കുമരുന്ന് പിടികൂടി.
ഏകദേശം 600 കോടിയോളം വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന 14 പാക് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
സുരക്ഷാസേനയെ കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ബോട്ട് വളയുകയും പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.