ക്ലാസ് മുറിയുടെ ചുവരിൽ ചാണകം തേച്ച് കോളജ് പ്രിൻസിപ്പൽ; ഗവേഷണത്തിന്റെ ഭാഗമെന്ന് വിശദീകരണം
തദ്ദേശീയമായ രീതിയിൽ താപസമ്മർദം എങ്ങനെ കുറയ്ക്കാം എന്ന ഗവേഷണത്തിന്റെ ഭാഗമായാണ് ചാണകം തേച്ചത് എന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.


ന്യൂഡൽഹി: ക്ലാസ് മുറിയുടെ ചുവരിൽ ചാണകം തേച്ച് കോളജ് പ്രിൻസിപ്പൽ. ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ലക്ഷ്മീഭായ് കോളജ് പ്രിൻസിപ്പൽ പ്രത്യുഷ് വത്സലയാണ് ക്ലാസ് മുറിയുടെ ചുവരിൽ ചാണകം തേച്ചത്. സഹപ്രവർത്തകന്റെ സഹായത്തോടെ പ്രിൻസിപ്പൽ ചാണകം തേക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
അതേസമയം ഗവേഷണത്തിന്റെ ഭാഗമായാണ് ചുവരിൽ ചാണകം തേച്ചത് എന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. തദ്ദേശീയമായ രീതിയിൽ താപസമ്മർദം എങ്ങനെ കുറയ്ക്കാം എന്ന വിഷയത്തിലാണ് ഗവേഷണം. പഠനം നടന്നുകൊണ്ടിരിക്കുകയാണ്. ഒരാഴ്ച്ചക്കകം ഗവേഷണത്തിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടും. പോർട്ടബിൾ ക്യാബിനുകളിലാണ് പഠനം നടക്കുന്നത്. ചിലയാളുകൾ വസ്തുതകൾ മനസ്സിലാക്കാതെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പ്രിൻസിപ്പൽ പ്രത്യുഷ് വത്സല പറഞ്ഞു.
She is Principal of a college of my University. Duly plastering cow-shit on classroom walls. I am concerned about many things - to begin with- If you are an employer and applicant studied from an institution which has such academic leader- what are odds of her getting hired? pic.twitter.com/0olZutRudS
— Vijender Chauhan (@masijeevi) April 13, 2025
താൻ തന്നെയാണ് കോളജ് അധ്യാപകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വിഡിയോ ഇട്ടതെന്നും പ്രിൻസിപ്പൽ പറഞ്ഞു. സി ബ്ലോക്കിലെ ക്ലാസ് മുറികൾ തണുപ്പിക്കാൻ തദ്ദേശീയമായ രീതികളാണ് സ്വീകരിക്കുന്നത്. ''ഇവിടെ ക്ലാസുകൾ നടത്തുന്നവർക്ക് ഈ മുറികൾ ഉടൻ തന്നെ പുതിയ രൂപത്തിൽ ലഭിക്കും. നിങ്ങളുടെ അധ്യാപന അനുഭവം നോഹരമാക്കാൻ ശ്രമങ്ങൾ നടക്കുന്നു''- എന്ന സന്ദേശത്തോടെയാണ് പ്രിൻസിപ്പൽ വിഡിയോ പങ്കുവെച്ചത്.
1965ൽ സ്ഥാപിച്ച കോളജിന് ഝാൻസി റാണി ലക്ഷീഭായിയുടെ പേരാണ് നൽകിയിട്ടുള്ളത്. അശോക് വിഹാറിലുള്ള കോളജ് ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലാണ്.