ശമ്പളം കൂട്ടി നൽകിയില്ല; ഷോറൂമിൽ നിന്ന് ആറ് ലക്ഷം രൂപ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ
100ലധികം സിസിടിവി ക്യാമറകൾ നിരീക്ഷിച്ചതിനു ശേഷമാണ് പ്രതിയിലേക്കെത്തിച്ചേർന്നത്
ന്യൂഡൽഹി: ബൈക്ക് ഷോറൂമിൽ നിന്ന് ആറ് ലക്ഷം രൂപയും ഇലക്ട്രോണിക് വസ്തുക്കളും മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. 20 വയസുകാരനായ ഹസ്സൻ ഖാനാണ് പൊലീസ് പിടിയിലായത്. ശമ്പളം കൂട്ടിനൽകാനുള്ള ഹസ്സൻ്റെ ആവശ്യം കമ്പനി നിരസിച്ചതിനാലാണ് മോഷണമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതിയിൽ നിന്നു അഞ്ച് ലക്ഷം രൂപയും രണ്ട് ക്യാമറകളും പിടിച്ചെടുത്തു. ബാക്കിയുള്ള പണവും വസ്തുക്കളും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് ഡെപ്യുട്ടി കമ്മീഷണർ വിചിത്ര വീർ പറഞ്ഞു. ഡിസംബർ 31നായിരുന്നു സംഭവം. വെസ്റ്റ് ഡൽഹിയിലെ നരൈനയിലെ ബൈക്ക് ഷോറൂമിലാണ് മോഷണം നടന്നത്. 100ലധികം സിസിടിവി ക്യാമറകൾ നിരീക്ഷിച്ചും മറ്റു ജീവനക്കാരെ ചോദ്യം ചെയ്തതിനും ശേഷമാണ് പൊലീസ് പ്രതിയിലേക്കെത്തിച്ചേർന്നത്.
കമ്പനിയിൽ ഒരു വർഷത്തിലധികമായി ജോലി ചെയ്യുന്ന ടെക്നിക്കൽ സ്റ്റാഫാണ് ഖാൻ. വൈദ്യുതി ബന്ധം വിശ്ചേദിച്ചതിനു ശേഷമായിരുന്നു മോഷണം. ആളെ തിരിച്ചറിയാതിരിക്കാൻ സംഭവസമയം പ്രതി ഹെൽമറ്റ് ധരിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ഡിസിപി അറിയിച്ചു.