'ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം'; മുഹമ്മദ് യൂനുസിനോട് മോദി
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചതിന് ശേഷം ആദ്യമായാണ് മോദിയും മുഹമ്മദ് യൂനുസും ചർച്ച നടത്തുന്നത്.


ബാങ്കോക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചതിന് ശേഷം ആദ്യമായാണ് മോദിയും മുഹമ്മദ് യൂനുസും ചർച്ച നടത്തുന്നത്. ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്‌റ്റെക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.
സാഹചര്യം വഷളാക്കുന്ന അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർധിപ്പിക്കാൻ ചൈനയെ ക്ഷണിച്ചുകൊണ്ടുള്ള യൂനുസിന്റെ സമീപകാല പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഈ പരാമർശം. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോദി യൂനുസിനോട് ആവശ്യപ്പെട്ടു.
ജനാധിപത്യപരവും, സ്ഥിരതയുള്ളതും, സമാധാനപരവും, പുരോഗമനപരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ബംഗ്ലാദേശിനുള്ള ഇന്ത്യയുടെ പിന്തുണ മോദി ആവർത്തിച്ചു. ബംഗ്ലാദേശുമായി ക്രിയാത്മകമായ ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.