'ഇവിടെ ടിപ്പുവിന്റെ അനുയായികൾ ജയിക്കില്ല; അബദ്ധത്തിൽ പോലും നിങ്ങൾ മുസ്‌ലിംകൾക്ക് വോട്ട് ചെയ്യരുത്'; ബി.ജെ.പി നേതാവിന്റെ പരാമർശം വിവാദത്തിൽ
യത്നാൽ ജനങ്ങളോട് മാപ്പ് പറയണമെന്നും അയാളുടേത് ഭരണഘടനാവിരുദ്ധ പരാമർശമാണെന്നും കോൺഗ്രസ് പറഞ്ഞു.
ബെംഗളൂരു: കർണാടകയിൽ വീണ്ടും ടിപ്പു സുൽത്താന്റെ പേരിൽ വിദ്വേഷ-വർഗീയ പ്രചരണവുമായി ബി.ജെ.പി. വിജയപുര (ബിജാപൂർ) എം.എൽ.എ ബസൻഗൗഡ പാട്ടീൽ യത്നാലാണ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്.
തന്റെ മണ്ഡലത്തിൽ ടിപ്പു സുൽത്താന്റെ അനുയായികൾ ആരും വിജയിക്കില്ലെന്നും അബദ്ധവശാൽ പോലും നിങ്ങൾ മുസ്‌ലിംകൾക്ക് വോട്ട് ചെയ്യരുതെന്നുമാണ് യത്നാലിന്റെ പരാമർശം. വിജയപുരയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യത്നാൽ.
"എല്ലാ എം.എൽ.എമാരും എന്നോട് ചോദിക്കുന്നു. നിങ്ങളുടെ മണ്ഡലത്തിൽ ഒരു ലക്ഷം ടിപ്പു സുൽത്താൻമാരുണ്ട് (മുസ്‌ലിംകൾ). എന്നിട്ടും ബിജാപൂരിൽ നിന്ന് ശിവാജി മഹാരാജിന്റെ പിൻഗാമി എങ്ങനെ വിജയിച്ചു എന്ന്. ബിജാപൂരിൽ ടിപ്പു സുൽത്താന്റെ അനുയായികൾ ആരും വിജയിക്കില്ല. അബദ്ധവശാൽ പോലും നിങ്ങൾ മുസ്‌ലിംകൾക്ക് വോട്ട് ചെയ്യരുത്"- യത്നാൽ പറഞ്ഞു.
യത്നാലിന്റെ പരാമർശത്തെ അപലപിച്ച് കോൺഗ്രസ് രംഗത്തെത്തി. മുൻ കേന്ദ്രമന്ത്രിയായ മുതിർന്ന ബി.ജെപി നേതാവിന്റേത് ഭരണഘടനാ വിരുദ്ധമായ ഭാഷയാണെന്ന് കോൺഗ്രസ് എം.എൽ.എ നാഗരാജ് യാദവ് പറഞ്ഞു. യത്നാൽ ജനങ്ങളോട് മാപ്പ് പറയണം. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയാൾക്ക് യാതൊരു അർഹതയുമില്ല.
'അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും മറയ്ക്കാനാണ് ബി.ജെ.പി നീക്കം. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ഇത്തരത്തിൽ വോട്ടുകൾ ധ്രുവീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. യത്നാലിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയണം. പാർട്ടി ന്യൂനപക്ഷങ്ങളിലേക്ക് എത്തുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിനോട് പ്രതികരിക്കണമായിരുന്നു'- നാഗരാജ് യാദവ് വിശദമാക്കി.
രാമഭജനം ചെയ്യുന്നവര്‍ മാത്രം ഈ രാജ്യത്ത് മതിയെന്നും ടിപ്പു ഭക്തരെ കാട്ടിലേക്ക് തുരത്തണമെന്നും വിവാദ പരാമര്‍ശങ്ങള്‍ക്ക് പേരുകേട്ട കര്‍ണാടകയിലെ ബി.ജെ.പി നേതാവ് നളീന്‍ കുമാര്‍ കട്ടീല്‍ നേരത്തെ പറഞ്ഞിരുന്നു. ഫെബ്രുവരി 16ന് കൊപ്പൽ ജില്ലയിലെ യെലബുർഗയിലെ പഞ്ചായത്ത് ടൗണിൽ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു വിവാദ-വിദ്വേഷ പരാമർശം.
ടിപ്പുവിന്റെ അനുയായികൾ ഈ ഫലഭൂയിഷ്ഠമായ മണ്ണിൽ ജീവിച്ചിരിക്കരുതെന്നും നളീന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞിരുന്നു. ടിപ്പുവിൽ വിശ്വസിക്കുന്ന ജെ.ഡി.എസിനും കോൺഗ്രസിനും വോട്ടു ചെയ്യണോ അതോ റാണി അബ്ബക്കയിൽ വിശ്വസിക്കുന്ന ബി.ജെ.പിക്ക് ജനം വോട്ടു ചെയ്യണോ എന്നായിരുന്നു നേരത്തെ അമിത് ഷായുടെ ചോദ്യം.
ഫെബ്രുവരി 11ന് കർണാടകയിലെ പുത്തൂരിൽ സെൻട്രൽ അരെക്കനട്ട് ആൻഡ് കൊക്കോ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (കാംപ്കോ) സുവർണ ജൂബിലി ആഘോഷ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അമിത്ഷായുടെ പരാമർശം.