ജമ്മു കശ്മീരിലെ 20 മുൻ മന്ത്രിമാരുടെ അധിക സുരക്ഷ പിൻവലിച്ചു
പലർക്കും അർഹിച്ചതിനേക്കാൾ കൂടുതൽ സുരക്ഷ നൽകുന്നതായി ഓഡിറ്റിനിടെ കണ്ടെത്തിയതിനെ തുടർന്നാണ് പിൻവലിച്ചതെന്നാണ് വിശദീകരണം.
ശ്രീനഗർ: ജമ്മു കശ്മീരിലെ 20 മുൻ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും അധിക സുരക്ഷ പിൻവലിച്ചു. സുരക്ഷാ ഓഡിറ്റിങ്ങിന് പിന്നാലെ നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്നീ പാർട്ടികളിൽപ്പെട്ടവരുടെ അധിക സുരക്ഷയാണ് പിൻവലിച്ചതെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു. ഇവരിൽ പലർക്കും അർഹിച്ചതിനേക്കാൾ കൂടുതൽ സുരക്ഷ നൽകുന്നതായി ഓഡിറ്റിനിടെ കണ്ടെത്തിയതിനെ തുടർന്നാണ് പിൻവലിച്ചതെന്നാണ് വിശദീകരണം. അതേസമയം രാഷ്ട്രീയ നേതാക്കൾക്ക് എക്സ്, വൈ, ഇസഡ് കാറ്റഗറി പ്രകാരമുള്ള സുരക്ഷാ പരിരക്ഷ ലഭിക്കും.
അലി മുഹമ്മദ് സാഗർ, മുൻ നിയമമന്ത്രി സെയ്ഫുള്ള മിർ എന്നിവരുൾപ്പെടെയുള്ള നാഷണൽ കോൺഫറൻസ് നേതാക്കളുടെയും മുൻ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ മാതൃസഹോദരനും പി.ഡി.പി നേതാവുമായ സർതാജ് മദ്‌നിയും അധിക സുരക്ഷ പിൻവലിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
നേരത്തെ, ശ്രീനഗറിലെ ഫെയർവ്യൂ സർക്കാർ ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് മെഹബൂബ മുഫ്തിക്ക് സർക്കാർ നോട്ടീസ് നൽകിയിരുന്നു. മറ്റൊരു മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല 2020-ൽ ഗുപ്കർ റോഡിലെ തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു. ജമ്മു കശ്മീർ ഭരണകൂടം ഒഴിപ്പിക്കൽ നോട്ടീസ് നൽകുന്നതിന് മുമ്പേ അദ്ദേഹം ബംഗ്ലാവ് ഒഴിഞ്ഞിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് ശേഷം മുൻ മുഖ്യമന്ത്രിമാർക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും പിൻവലിച്ചിരുന്നു.