ഭാര്യ വീട്ടുജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് ക്രൂരതയായി കാണാനാകില്ല: ഡൽഹി ഹൈക്കോടതി

"ഉത്തരവാദിത്വങ്ങൾ പങ്കുവയ്ക്കാം എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ദമ്പതികള്‍ വൈവാഹിക ജീവിതം ആരംഭിക്കുന്നത്"

Update: 2024-03-07 07:19 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ഭാര്യ വീട്ടുജോലി ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്ന് ക്രൂരതയായി പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് സുരേഷ് കുമാർ കൈത്, നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. കുടുംബകോടതി വിവാഹമോചനം നിഷേധിച്ചതിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

ഉത്തരവാദിത്വങ്ങൾ പങ്കുവയ്ക്കാം എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് വൈവാഹിക ബന്ധത്തിലേക്ക് ദമ്പതികൾ പ്രവേശിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വീട്ടുജോലികൾ ചെയ്യാൻ ആവശ്യപ്പെടുന്നത് ക്രൂരതയല്ലെന്നും സ്‌നേഹവും കടപ്പാടുമായി അതിനെ കാണണമെന്നും ബഞ്ച് നിരീക്ഷിച്ചു. 

'വരുമാനമില്ലാത്ത, പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള നിയമപരവും ധാർമികവുമായ ബാധ്യത മകനുണ്ട്. വിവാഹത്തിന് ശേഷം മാതാപിതാക്കളിൽ നിന്ന് വേർപെട്ടു താമസിക്കുകയെന്നത് ഹൈന്ദവസംസ്‌കാരത്തിൽ അഭിലഷണീയമല്ല. അങ്ങനെയൊരു പൊതു ആചാരവുമില്ല. ദമ്പതികൾ വിവാഹത്തിലേക്ക് പ്രവേശിക്കുമ്പോൾ ഭാവി ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ പങ്കുവയ്ക്കാമെന്ന ഉദ്ദേശ്യം കൂടി അതിനു പിന്നിലുണ്ട്. വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ജോലിക്കാരിയോട് നിർദേശിക്കുന്ന പോലെയല്ല. സ്‌നേഹവും വാത്സല്യവുമായി അതിനെ പരിഗണിക്കണം. ചില ഘട്ടങ്ങളിൽ ഭർത്താവ് സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കേണ്ടി വരും. ഭാര്യ വീട്ടുത്തരവാദിത്വങ്ങളും. ഇവിടത്തെ കേസ് അതാണ്. ഭാര്യ വീട്ടുജോലി ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിച്ചാൽ അതിനെ ക്രൂരതയായി കണക്കാക്കാൻ ആകില്ല'- കോടതി വ്യക്തമാക്കി.

ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാത്തതിനാൽ വിവാഹമോചനം വേണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. നേരത്തെ കുടുംബ കോടതി പരിഗണിച്ച കേസ് ഭർത്താവിന് വിവാഹമോചനം നൽകാനാവില്ലെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. 

2007ലാണ് കേസിലെ കക്ഷികൾ വിവാഹിതരായത്. അടുത്ത വർഷം ഇരുവർക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. തനിക്കും കുടുംബത്തിനും നേരെ ഭാര്യ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും ഇത് ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. എല്ലാ ജോലികളും ചെയ്തിരുന്നു എന്നും എന്നാൽ ഭർത്താവും കുടുംബവും സംതൃപ്തരായിരുന്നില്ല എന്നാണ് ഭാര്യ വാദിച്ചത്.

കേസ് വിശദമായി കേട്ട കോടതി ദാമ്പത്യജീവിതം സുഖകരമായി മുമ്പോട്ടു കൊണ്ടുപോകാൻ ഭർത്താവ് ഭാര്യയ്ക്ക് പ്രത്യേക താമസം തരപ്പെടുത്തിയിരുന്നതായി വിധിയിൽ എടുത്തുപറഞ്ഞു. അതുവഴി ഭാര്യയെ സന്തോഷവതിയാക്കാൻ പരാതിക്കാരൻ ശ്രമിച്ചിരുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു. 

Summary: Delhi High Court clarified that expecting a wife to undertake household chores does not amount to cruelty

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News