മഹാരാഷ്ട്രയിൽ അതിതീവ്ര കോവിഡ് വ്യാപനം
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്
മഹാരാഷ്ട്രയിൽ കോവിഡിന്റെ അതിവേഗ വ്യാപനമുണ്ടായതായി ആരോഗ്യ വകുപ്പ്. ഇന്നലെ സംസ്ഥാനത്ത് 26,538 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ദിവസങ്ങളിലെ കണക്കുകളെ അപേക്ഷിച്ച് കോവിഡ് വ്യാപനത്തിൽ 44 ശതമാനത്തിന്റെ അധിക വർധനവാണുണ്ടായതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പ്രധാന നഗരമായ മുംബൈയിൽ മാത്രം 15166 കേസുകളാണ് രേഖപ്പെടുത്തിയത്.
എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. മെഡിക്കൽ ഓക്‌സിജൻ 800 മെട്രിക് ടൺ എന്ന നിലയിൽ പര്യാപ്തമായതിനു ശേഷവും കോവിഡ് രോഗികൾക്കുള്ള ആശുപത്രി കിടക്കകൾ 40 ശതമാനത്തിലധികം കൈവശം വെച്ചതിനു ശേഷവും മാത്രമേ ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങളിലേക്ക് സംസ്ഥാന സർക്കാർ കടക്കൂ. ഈ മാസം മൂന്നാം വാരത്തോടെ രണ്ട് ലക്ഷത്തോളം പേർക്ക് കോവിഡ് ബാധിക്കുമെന്ന് ആശങ്കയുള്ളതായും മാർച്ച് പകുതിയോടെ കോവിഡ് കേസുകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് എടുക്കുകയെന്ന് ദുരന്തനിവാരണ മന്ത്രി വിജയ് വഡെറ്റിവാർ കഴിഞ്ഞയാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി താക്കറെ കഴിഞ്ഞ ദിവസം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വിവാഹങ്ങൾക്ക് 200 പേരെയും മറ്റു പൊതു പരിപാടികളിൽ 50 പേർക്കും മാത്രമേ സംസ്ഥാന സർക്കാർ പ്രവേശനാനുമതി നൽകിയിട്ടുള്ളു. നിലവിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫെബ്രുവരി 15 വരെ അടച്ചിട്ടിരിക്കുകയാണെന്നും പരീക്ഷകൾ ഓൺലൈനായി നടത്തുമെന്നും ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് പറഞ്ഞു.