പൊലീസിന്റെ ടിയർ ഗ്യാസ് ഡ്രോണുകളെ പട്ടം പറത്തി ഓടിച്ച് കർഷകർ
ശംഭു അതിർത്തിയിലാണ് കർഷകരുടെ ഇച്ഛാശക്തി പ്രകടമായ മറുതന്ത്രം
ന്യൂഡൽഹി: ദില്ലി ചലോ പ്രതിഷേധത്തെ നേരിടാനുള്ള ഹരിയാന സർക്കാർ നീക്കത്തെ അസാധാരണ തന്ത്രത്തിലൂടെ പ്രതിരോധിച്ച് കർഷകർ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്ന കർഷകർക്കു നേരെ ഡ്രോൺ വഴി കണ്ണീർവാതകം പ്രയോഗിക്കാനുള്ള പൊലീസ് നീക്കം പട്ടം പറത്തിയാണ് കർഷകർ പ്രതിരോധിച്ചത്. അംബാലയ്ക്കടുത്തുള്ള ശംഭു അതിർത്തിയിലാണ് കർഷകരുടെ ഇച്ഛാശക്തി പ്രകടമായ മറുതന്ത്രം.
വിളകൾക്ക് മിനിമം താങ്ങുവില അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ ദില്ലി ചലോ മാർച്ച്. രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് മാർച്ച് എത്തുന്നത് ഏതുവിധേനയും തടയുമെന്ന നിലപാടിലാണ് ഹരിയാന സർക്കാർ. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ഡ്രോൺ വഴി കണ്ണീർവാതക പ്രയോഗം നടത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പ്രതിഷേധക്കാര്‍ക്കു നേരെ ഡ്രോൺ വഴി ടിയർ ഗ്യാസ് പ്രയോഗിക്കപ്പെട്ടത്.
എന്നാല്‍ വലിയ, കരുത്തുള്ള ചരടുകൾ ഉപയോഗിച്ചുള്ള പട്ടങ്ങൾ കര്‍ഷകര്‍ പറത്തിയതോടെ സുരക്ഷാ സേന ആശയക്കുഴപ്പത്തിലായി. ഡ്രോണുകൾക്ക് നാശനഷ്ടം വരുത്താൻ പാകത്തിലുള്ളവയായിരുന്നു പട്ടങ്ങള്‍.
പൊതുമേഖലാ സ്ഥാപനമായ ഡ്രോൺ ഇമേജിങ് ആൻഡ് ഇൻഫർമേഷൻ സർവീസ് ഓഫ് ഹരിയാന ലിമിറ്റഡ് (ദൃശ്യ) നിർമിച്ച ഡ്രോണുകളാണ് ഹരിനായ പൊലീസ് ഉപയോഗിക്കുന്നത്. കൃഷി, ഹോർട്ടികോർപ്, പദ്ധതി സർവേ, സുരക്ഷാ പരിശോധന എന്നിവയ്ക്കായി രൂപകൽപ്പന ചെയ്തതാണ് ഈ ഡ്രോണുകൾ എന്നാണ് സർക്കാർ അറിയിച്ചിരുന്നത്. നിലവിൽ ബിഎസ്എഫിന്റെ കൈവശം മാത്രമാണ് ഡ്രോൺ വഴി കണ്ണീർവാതക പ്രയോഗം നടത്താൻ കഴിവുള്ള ടിയർ സ്‌മോക് യൂണിറ്റുകളുള്ളത്. ഇത് ഏതെങ്കിലും സംസ്ഥാന പൊലീസിന് വിറ്റിട്ടില്ല. സ്വകാര്യവിൽപ്പനക്കാരിൽ നിന്നാകാം ഹരിയാന ഇവ വാങ്ങിയതെന്നാണ് കരുതപ്പെടുന്നത്.
ടിയർഗ്യാസ് പ്രതീക്ഷിച്ച് മറുതന്ത്രം മെനഞ്ഞ കർഷകർ വാട്ടർ ടാങ്കുകളും വെള്ളക്കുപ്പികളും തങ്ങളുടെ കൂടെ കരുതിയിട്ടുണ്ട്. ടിയർ ഗ്യാസിന്റെ ആഘാതം കുറയ്ക്കാൻ നനഞ്ഞ വസ്ത്രങ്ങളും ഇവർ ഉപയോഗിക്കുന്നുണ്ട്.
അതിർത്തിയിൽ കനത്ത സന്നാഹമാണ് കർഷകരെ തടയാൻ പൊലീസ് ഒരുക്കിയിട്ടുള്ളത്. പ്രദേശത്തെ സംഘർഷങ്ങളിൽ രണ്ട് ഡിഎസ്പിമാർ ഉൾപ്പെടെ 24 പൊലീസുകാർക്ക് പരിക്കേറ്റതായി ഹരിയാന ഡിജിപി ശത്രുജീത് കപുർ പറഞ്ഞു. എത്ര കർഷകർക്ക് പരിക്കേറ്റു എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
കർഷകരെ നേരിടാൻ ഡൽഹി പൊലീസും വലിയ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ ശബ്ദത്തിന് പരിക്കുണ്ടാക്കുന്ന ലോങ് റേഞ്ച് അക്വാസ്റ്റിക് ഡിവൈസ് (എൽറാഡ്‌സ്) അടക്കമുള്ള അത്യാധുനിക ആയുധങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ രണ്ടായിരത്തിന്റെ തുടക്കത്തിൽ യുഎസ് സേന ഉപയോഗിച്ച ഉപകരണമാണ് എൽറാഡ്. മുപ്പത് ലക്ഷം വില വരുന്ന എൽഡാറുകൾ 2013ലാണ് ഡൽഹി പൊലീസ് സ്വന്തമാക്കിയത്. വടക്കൻ ഡൽഹിയിൽ ഫയറിങ് ഡ്രില്ലുകളും കണ്ണീർ വാതക ഷെല്ലുകളും സജ്ജമാക്കിയിട്ടുണ്ട്.