10 ലക്ഷത്തിന് വേണ്ടി ഭർത്താവിനെ കിഡ്നി വിൽക്കാൻ പ്രേരിപ്പിച്ചു; ശേഷം പണവുമായി കാമുകനോടെപ്പം ഒളിച്ചോടി ഭാര്യ
പത്തുവയസുകാരിയായ മകളുടെ പഠനത്തിനും ഭാവിയിലെ വിവാഹത്തിനും വേണ്ടി കിഡ്നി വിൽക്കാൻ യുവാവ് തയ്യാറായപ്പോൾ ഫേസ്ബുക്കിൽ നിന്ന് പരിചയപ്പെട്ട തന്റെ കാമുകനുമായി ഒളിച്ചോടാനായിരുന്നു ഭാര്യയുടെ പദ്ധതി


കൊൽക്കത്ത : മകളുടെ പഠനാവശ്യങ്ങൾക്കും വിവാഹത്തിനുമായി ഭർത്താവിനെകൊണ്ട് കിഡ്നി വിൽപ്പിച്ച് പണവുമായി കാമുകനോടപ്പം ഒളിച്ചോടി ഭാര്യ. വെസ്റ്റ് ബംഗാളിലെ ഹൗറാഹ് ജില്ലയിലാണ് സംഭവം.
ഭാര്യയുടെ നിരന്തരമായ നിർബന്ധത്തിനൊടുവിലാണ് കിഡ്നി വിൽക്കാൻ യുവാവ് തീരുമാനിച്ചത്. മൂന്ന് മാസത്തിനൊടുവിലെ കാത്തിരിപ്പിൽ കിഡ്നി സ്വീകരിക്കാനുള്ള ആളെയും കിട്ടി. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വന്നപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ യുവാവ് അറിയുന്നത്. പത്തുവയസുകാരിയായ മകളുടെ പഠനത്തിനും ഭാവിയിലെ വിവാഹത്തിനും വേണ്ടി കിഡ്നി വിൽക്കാൻ യുവാവ് തയ്യാറായപ്പോൾ ആ പണം ഉപയോഗിച്ച് ഫേസ്ബുക്കിൽ നിന്ന് പരിചയപ്പെട്ട തന്റെ കാമുകനുമായി ഒളിച്ചോടാനായിരുന്നു ഭാര്യയുടെ പദ്ധതി. പണം കിട്ടിയ അന്ന് തന്നെ യുവതി കടന്ന് കളയുകയും ചെയ്തിരുന്നു.
തട്ടിപ്പ് മനസ്സിലായ ഭർത്താവ് കേസ് രജിസ്റ്റർ ചെയ്യുകയും ഭാര്യയെയും കാമുകനെയും പൊലീസ് കണ്ടുപിടിക്കുകയും ചെയ്തു. പത്തുവയസുകാരിയായ മകളുമായി ഭാര്യയുടെ അടുത്ത് എത്തിയിട്ടും ഇരുവരെയും കാണാൻ യുവതി കൂട്ടാക്കിയില്ല. തനിക്ക് ആരെയും കാണണ്ടെന്നും ഡിവോഴ്സ് തരാൻ തയ്യാറാണെന്നുമായിരുന്നു യുവതിയുടെ പ്രതികരണം.