Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
അഹമ്മദാബാദ്: ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ദഹേജിൽ കെമിക്കൽ പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് നാലു തൊഴിലാളികൾ മരിച്ചു. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഗുജറാത്ത് ഫ്ലൂറോകെമിക്കൽസ് ലിമിറ്റഡിന്റെ (ജിഎഫ്എൽ) പ്രൊഡക്ഷൻ യൂനിറ്റിലെ പൈപ്പിൽനിന്ന് ചോർന്ന വിഷപ്പുക ശ്വസിച്ചാണ് തൊഴിലാളികൾ ബോധരഹിതരായതെന്ന് ദഹേജ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.എം പാട്ടിദാർ പറഞ്ഞു.
രാജേഷ് മഗ്നാഡിയ (48), മഹേഷ് നന്ദലാൽ (25), സുചിത്കുമാർ പ്രസാദ് (29), മുദ്രിക താക്കൂർ യാദവ് (29) എന്നിവരാണ് മരിച്ചത്. തൊഴിലാളികളെ ബറൂച്ചിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരിൽ മൂന്ന് പേർ ഞായറാഴ്ച പുലർച്ചെ 3 മണിയോടെയും മറ്റൊരാൾ രാവിലെ 6 മണിയോടെയും മരണത്തിന് കീഴടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
'രാത്രി 10 മണിയോടെ കമ്പനിയുടെ സിഎംഎസ് പ്ലാൻ്റിൻ്റെ താഴത്തെ നിലയിലൂടെ കടന്നുപോകുന്ന പൈപ്പിൽ നിന്നുള്ള വാതക ചോർച്ചയെ തുടർന്ന് നാല് തൊഴിലാളികൾ ബോധരഹിതരായി. ഇവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരും മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു എന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും' ഉദ്യോഗസ്ഥർ പറഞ്ഞു.