'കൂട്ടിലടച്ച തത്തയെ മോചിപ്പിക്കൂ'; സി.ബി.ഐക്ക് സ്വയംഭരണം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി
നിലവിലെ സംവിധാനത്തെ ഉടച്ചുവാർക്കാൻ അനിവാര്യമായ 12 ഇന നിർദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.
പാർലമെന്‍റിനു മുമ്പിൽ മാത്രം റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്ര ഏജൻസിയായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (സി.ബി.ഐ) മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതി. നിലവിലെ സംവിധാനത്തെ ഉടച്ചുവാർക്കാൻ അനിവാര്യമെന്നുകണ്ട് 12 ഇന നിർദേശങ്ങൾ മുമ്പോട്ടുവെച്ച കോടതി 'ഈ ഉത്തരവ് കൂട്ടിലടച്ച തത്തയെ(സി.ബി.ഐയെ) മോചിപ്പിക്കാനുള്ള ശ്രമമാണെന്നും' നിരീക്ഷിച്ചു.
"പാർലമെന്‍റിനു മുമ്പാകെ മാത്രം റിപ്പോർട്ട് ചെയ്യേണ്ട കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന് സമാനമായി സി.ബി.ഐക്കും സ്വയംഭരണം നൽകണം," കോടതി ആവശ്യപ്പെട്ടു. സി.ബി.ഐ, കേന്ദ്ര സർക്കാറിന്‍റെ കൈയിലെ പാവയായി മാറിയെന്ന് വ്യാപക വിമർശനം നിലനിൽക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.
2013ൽ സുപ്രീംകോടതി സി.ബി.ഐയെ കൂട്ടിലടച്ച തത്തയെന്ന് വിശേഷിപ്പിച്ചിരുന്നു. ഏജൻസിയെ കോണ്‍ഗ്രസ് ഭരിക്കുന്നുവെന്നായിരുന്നു അന്നത്തെ വിമർശനം. 1941ൽ സ്ഥാപിച്ച ഏജൻസി നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലെ പഴ്സണൽ വകുപ്പിനു മുമ്പാകെയാണ് റിപ്പോർട്ട് ചെയ്യേണ്ടത്. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ മൂന്നംഗ പാനലാണ് സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത്.