ക്ഷേത്രങ്ങളിലെ പ്രസാദങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പിന് നിർദേശം നൽകി ആന്ധ്രാപ്രദേശ്

പ്രസാദങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളുടെ ഗുണനിലവാരം, വിതരണക്കാരുടെ വിശദാംശങ്ങൾ എന്നിവ പരിശോധിക്കും

Update: 2024-09-25 04:59 GMT
Advertising

അമരാവതി: തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡ്ഡു പ്രസാദത്തിൽ മായം ചേർത്ത നെയ്യ് ഉപയോഗിച്ചെന്ന വാർത്ത വിവാദമായതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആ​ന്ധ്രാപ്രദേശിലെ ക്ഷേത്രങ്ങളിലെ പ്രസാദങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങുന്നു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യുടെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തുന്നത്.

എഫ്എസ്എസ്എഐ സംഘങ്ങൾ ക്ഷേത്രങ്ങൾ സന്ദർശിച്ച് പ്രസാദങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളുടെ ഗുണനിലവാരം, വിതരണക്കാരുടെ വിശദാംശങ്ങൾ, സൂക്ഷിക്കുന്ന സ്റ്റോക്കുകൾ എന്നിവ പരിശോധിക്കും. പ്രസാദം വിതരണം ചെയ്യുന്ന എല്ലാ പ്രധാന ക്ഷേത്രങ്ങളിലും പരിശോധനനടത്തുമെന്നും അധികൃതർ അറിയിച്ചു.

എല്ലാ ക്ഷേത്രങ്ങളിലും വിളമ്പുന്ന അന്നപ്രസാദം, ലഡ്ഡു, പുളിഹോര, ഗോഡുമ റവ ഹൽവ, ചെക്കര പൊങ്കാലി തുടങ്ങിയ പ്രസാദങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുമെന്ന് എഫ്എസ്എസ്എഐ ജോയിന്റ് ഫുഡ് കൺട്രോളർ എൻ.പൂർണചന്ദ്ര റാവു പറഞ്ഞു.

അസിസ്റ്റന്റ് ഫുഡ് കൺട്രോളർമാരുടെയും ഫുഡ് സേഫ്റ്റി ഓഫീസർമാരുടെയും നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണം, തിരുപ്പതി, ഗുണ്ടൂർ, തിരുമല, കുർണൂൽ, രാജമഹേന്ദ്രവാരം, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളിലെ നൂറിലധികം ക്ഷേത്രങ്ങളിൽ പരിശോധന നടത്തും.

പരിശോധനയ്ക്കായി സാമ്പിളുകൾ ഹൈദരാബാദിലെ സ്റ്റേറ്റ് ഫുഡ് ലബോറട്ടറിയിലേക്ക് അയയ്ക്കും. അന്ന പ്രസാദത്തിൽ വിളമ്പുന്ന ചോറ്, സാമ്പാർ, മറ്റ് വിഭവങ്ങൾ എന്നിവയുടെ ഗുണനിലവാരവും പരിശോധിക്കുമെന്ന് പൂർണചന്ദ്ര റാവു പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News