കർണാടകയിൽ പീഡനശ്രമത്തിനിടെ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പൊലീസ്
ബിഹാർ സ്വദേശിയായ റിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്.


ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ പീഡനശ്രമത്തിനിടെ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഞായറാഴ്ച അശോക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബിഹാർ സ്വദേശിയായ റിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്.
പ്രതി ബിഹാർ പട്‌ന സ്വദേശിയാണ്. കൊപ്പൽ ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് പോകുന്ന ആളാണ്. ജോലിക്ക് പോകുമ്പോൾ മകളെയും കൊണ്ടുപോകാറുണ്ടായിരുന്നു. ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്തുള്ള കെട്ടിടത്തിലെ കുളിമുറിയുടെ ഷീറ്റിനിടയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പീഡനശ്രമത്തിനിടെ കുട്ടി കരഞ്ഞപ്പോൾ ഇയാൾ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ശേഷം രക്ഷപ്പെടുകയായിരുന്നു.
പൊലീസ് പിടികൂടിയപ്പോൾ ഇയാൾ പൊലീസിനെ ആക്രമിച്ചെന്നും ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിർത്തത് എന്നാണ് പൊലീസ് പറയുന്നത്.