'ജഡ്ജിമാരെ ലക്ഷ്യംവെക്കുന്നതിന് പരിധിയുണ്ട്'; മാധ്യമങ്ങൾക്കെതിരെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ജഡ്ജിമാർ ചില കേസുകൾ എടുക്കുന്നില്ലെന്ന വാർത്തകളിലാണ് സുപ്രീംകോടതി ജസ്റ്റിസ് അതൃപ്തി അറിയിച്ചത്
ഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരെയുള്ള മാധ്യമ വാര്‍ത്തകളിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ജഡ്ജിമാർ ചില കേസുകൾ എടുക്കുന്നില്ലെന്ന വാർത്തകളിലാണ് അതൃപ്തി അറിയിച്ചത്. മാധ്യമങ്ങൾ ജഡ്ജിമാരെ ലക്ഷ്യം വെക്കുന്നതിന് പരിധിയുണ്ട്. തനിക്ക് കോവിഡ് ബാധിച്ചിരുന്നതിനാലാണ് ചില കേസുകൾ പരിഗണിക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ ആക്രമണം സംബന്ധിച്ച ഹരജി പരിഗണിക്കവെയാണ് പ്രതികരണം.
മാധ്യമ വിചാരണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണയും നേരത്തെ രംഗത്തെത്തിയിരുന്നു. പരിചയ സമ്പത്തുള്ള ജഡ്ജിമാര്‍ക്ക് പോലും വിധി കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ മാധ്യമങ്ങള്‍ 'കങ്കാരൂ' കോടതികള്‍ സംഘടിപ്പിക്കുകയാണെന്നായിരുന്നു എന്‍.വി രമണയുടെ പരാമര്‍ശം. അതിര്‍വരമ്പുകള്‍ കടന്ന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ പ്രേരിപ്പിക്കരുത്, വിമർശനങ്ങളോട് ജഡ്ജിമാർ പ്രതികരിക്കാത്തതിനെ ദൗർബല്യമായോ, നിസ്സഹായവസ്ഥയായോ കാണരുതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു.