ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി നിരോധിക്കണമെന്ന ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി
ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി ശബ്ദമലിനീകരണത്തിനും അതുവഴി കുട്ടികളിൽ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു എന്നായിരുന്നു ബജ്‌റംഗ്ദൾ നേതാവായ ശക്തിസിങ് സാലയുടെ വാദം.
അഹമ്മദാബാദ്: ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദൾ നേതാവ് സമർപ്പിച്ച ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്നും കുട്ടികൾക്കടക്കം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നുമായിരുന്നു ഹരജിക്കാരനായ ശക്തിസിങ് സാലയുടെ വാദം. ഹരജി തീർത്തും തെറ്റിദ്ധാരണാജനകമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, ജസ്റ്റിസ് അനിരുദ്ധ പി. മായി എന്നിവരുടെ ബെഞ്ച് തള്ളിയത്.
ക്ഷേത്രങ്ങളിൽ പൂജാസമയത്ത് വാദ്യോപകരണങ്ങളും മണിനാദവും മറ്റും പുറത്തുകേൾക്കുന്നത് അലോസരമുണ്ടാക്കുന്നില്ലേ എന്ന് ചോദിച്ച കോടതി അതിൽ പരാതിയില്ലാത്തത് എന്തുകൊണ്ടാണെന്നും ആരാഞ്ഞു. ശബ്ദമലിനീകരണം ഒരു ശാസ്ത്രീയമായ വിഷയമാണ്. ബാങ്കുവിളി നിശ്ചിത ഡെസിബലിൽ കൂടുതലാണെന്നതും അത് ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്നും ശാസ്ത്രീയമായി തെളിയിക്കാനാവുമോ എന്നും കോടതി ഹരജിക്കാരനോട് ചോദിച്ചു.
ബാങ്കുവിളി വർഷങ്ങളായുള്ള വിശ്വാസമാണ്. 10 മിനിറ്റിൽ താഴെയാണ് ഒരു ബാങ്കുവിളിയുടെ സമയം. അത് ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെങ്കിൽ അതിന്റെ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കണം. പ്രഭാതത്തിലുള്ള ബാങ്കുവിളിയാണ് വലിയ പ്രശ്‌നമായി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്രങ്ങളിൽ പ്രഭാതപൂജക്കായുള്ള വാദ്യശബ്ദങ്ങളും മറ്റും പുലർച്ചെ മൂന്നിന് തന്നെ തുടങ്ങാറില്ലേ? അത് ശബ്ദമലിനീകരണം സൃഷ്ടിക്കുന്നില്ലേ? ആ ശബ്ദങ്ങൾ ക്ഷേത്ര വളപ്പിൽ ഒതുങ്ങാറുണ്ടെന്നാണോ നിങ്ങൾ വാദിക്കുന്നതെന്നും കോടതി ചോദിച്ചു.