ഗ്യാൻ വാപി മസ്ജിദിൽ നടക്കുന്ന സംഭവങ്ങൾ ബാബരി മസ്ജിദിൽ പണ്ട് നടന്ന കാര്യങ്ങളെ ഓർമിപ്പിക്കുന്നു: എം.എ ബേബി
ഗ്യാൻ വാപി മസ്ജിദിൽ നമസ്‌കാരത്തിനായി അംഗസ്‌നാനം ചെയ്യുന്ന കിണർ വറ്റിച്ചപ്പോൾ ശിവലിംഗം കണ്ടെത്തിയെന്നാണ് അഭിഭാഷകനായ വിഷ്ണു ജയിൻ അവകാശപ്പെടുന്നത്.
ന്യൂഡൽഹി: വരാണസിയിലെ ഗ്യാൻ വാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന പേരിൽ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ മുമ്പ് ബാബരി മസ്ജിദിൽ നടന്ന സംഭവങ്ങൾക്ക് സമാനമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. കോടതി നിർദേശപ്രകാരമാണ് ഇവിടെ പരിശോധന നടത്തിയത്. ഈ പരിശോധന പോലും തർക്ക വിഷയമാണ്. എന്നാൽ ആ പരിശോധനയുടെ ഫലം പോലും വരുന്നതിന് മുമ്പ് ഒരു പക്ഷത്തിന് വേണ്ടി കോടതിയിൽ പോയ ആളുടെ വാക്ക് കേട്ട് പള്ളിയിൽ വിശ്വാസികൾ ശുചീകരണത്തിന് ഉപയോഗിക്കുന്ന കുളം സീൽ ചെയ്യാൻ കോടതി ഉത്തരവിട്ടതെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ ഇന്നു നടന്ന സംഭവങ്ങൾ ബാബറി മസ്ജിദിൽ പണ്ടു നടന്ന കാര്യങ്ങളെ ഓർമിപ്പിക്കുന്നു.
കോടതി നിർദേശപ്രകാരമാണ് അവിടെ പരിശോധന നടത്തിയത്. ഈ പരിശോധന തന്നെ തർക്കവിഷയമാണ്. ആ പരിശോധനയുടെ ഫലം പോലും വരുന്നതിനു മുമ്പ് ഒരു പക്ഷത്തിനുവേണ്ടി കോടതിയിൽ പോയയാളുടെ വാക്ക് കേട്ട് പള്ളിയിൽ വിശ്വാസികൾ ശുചീകരണത്തിന് ഉപയോഗിക്കുന്ന കുളം സീൽ ചെയ്യാൻ കോടതി ഉത്തരവിട്ടു. അവിടെ ഒരു ശിവലിംഗം കണ്ടു എന്നാണ് ഇയാളുടെ അഭിപ്രായം. അത് കിണറ്റിലെ ഫൗണ്ടൻ ആണെന്നാണ് പള്ളി നടത്തിപ്പുകാർ പറയുന്നത്.
ഇക്കാര്യത്തിൽ ഇന്ത്യയിലെ ഉന്നതനീതിപീഠം ഇടപെടുമെന്നും നീതിപൂർവ്വമായ ഒരു തീരുമാനം എടുക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ന് ഉണ്ടായ നടപടികൾ നമ്മുടെ മതനിരപേക്ഷരാഷ്ട്രഘടനയ്ക്ക് കടകവിരുദ്ധമാണ്. ആരാധനാലയനിയമത്തിൻറെ ലംഘനവുമാണിത്. ഭരണഘടനാമൂല്യങ്ങൾക്ക് വിലകല്പിക്കാത്ത ഭരണാധികാരികൾ ഉള്ള നാട്ടിൽ ഇത്തരം അനീതികൾക്കും ആപൽക്കരമായ വിധ്വംസകനീക്കങ്ങൾക്കുമെതിരേ ജനങ്ങൾ തന്നെ മുന്നോട്ടിറങ്ങേണ്ടിയിരിക്കുന്നു.
ഗ്യാൻ വാപി മസ്ജിദിൽ നമസ്‌കാരത്തിനായി അംഗസ്‌നാനം ചെയ്യുന്ന കിണർ വറ്റിച്ചപ്പോൾ ശിവലിംഗം കണ്ടെത്തിയെന്നാണ് അഭിഭാഷകനായ വിഷ്ണു ജയിൻ അവകാശപ്പെടുന്നത്. ഇയാൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് പള്ളിയുടെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവിടുകയായിരുന്നു. അതേസമയം കിണറിന്റെ ഫൗണ്ടൻ ആണ് ശിവലിംഗമായി അവകാശപ്പെടുന്നതെന്ന് പള്ളി നടത്തിപ്പുകാർ പറഞ്ഞു.