'ഞാൻ തീരുമാനമെടുത്തിട്ടുണ്ട്'; കോൺഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി
ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുലിന്റെ പ്രതികരണം
കോൺഗ്രസ് പാർട്ടി അധ്യക്ഷനാകുമോ എന്ന കാര്യത്തിൽ താൻ തീരുമാനമെടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മാത്രമേ മറുപടി പറയൂവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനമൊഴിഞ്ഞതിന് ശേഷം ഒരിക്കൽ കൂടി കോൺഗ്രസിനെ നയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് രാഹുൽ. ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുലിന്റെ പ്രതികരണം. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കേണ്ടത് പ്രതിപക്ഷത്തിരിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
''ഞാൻ തീരുമാനമെടുത്തിട്ടുണ്ട്, എനിക്ക് അതിൽ വ്യക്തതയുണ്ട്, കോൺഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മറുപടി നൽകും, തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഞാൻ പ്രസിഡന്റാവണോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വരും, ദയവായി ആ ദിവസത്തിനായി കാത്തിരിക്കുക'' - രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്ര താനല്ല നയിക്കുന്നതെന്നും അതിൽ പങ്കെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ യാത്ര എന്നെയും രാജ്യത്തെയും കുറിച്ച് എനിക്ക് കൂടുതൽ ധാരണ നൽകും. ഈ രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഞാൻ കൂടുതൽ അറിവുള്ളവനാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 17 നാണ് നടക്കുക. രണ്ട് ദിവസത്തിന് ശേഷം വോട്ടെണ്ണും. സെപ്റ്റംബർ 24 മുതൽ 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.
അതേസമയം, കോൺഗ്രസിന് ഗാന്ധിമാരല്ലാത്ത അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കളാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. കപിൽ സിബൽ, അശ്വനി കുമാർ, ഗുലാം നബി ആസാദ് എന്നിവർ അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. രാഹുലിന്റെ അപക്വമായ പെരുമാറ്റവും പാർട്ടിയെ ഭരിക്കാനുള്ള പരിചയക്കുറവും ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഗുലാം നബി ആസാദ് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.