വാര്‍ത്താസമ്മേളനത്തിനിടെ മൂക്കില്‍നിന്ന് രക്തസ്രാവം; കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മൈസൂരു അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി(മുഡ) അഴിമതി ആരോപിച്ച് ഭരണപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബി.ജെ.പിയും ജെ.ഡി.എസും സംയുക്തമായി പദയാത്ര പ്രഖ്യാപിച്ചത്

Update: 2024-07-28 15:48 GMT
Editor : Shaheer | By : Web Desk
Advertising

ബെംഗളൂരു: വാര്‍ത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമിയുടെ മൂക്കില്‍നിന്നു രക്തസ്രാവം. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബി.ജെ.പി-ജെ.ഡി.എസ് പദയാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംഭവം.

ബെംഗളൂരുവിലെ ഗോള്‍ഡ് ഫിഞ്ച് ഹോട്ടലിലായിരുന്നു നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്. വാര്‍ത്താ സമ്മേളനത്തില്‍ കുമാരസ്വാമി സംസാരിക്കാന്‍ നില്‍ക്കുന്നതിനിടെ മൂക്കില്‍നിന്ന് രക്തം പൊട്ടിയൊലിക്കുകയായിരുന്നു. തൂവാല കൊണ്ട് തുടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായി രക്തം വാര്‍ന്നൊഴുകി. വസ്ത്രത്തിലെല്ലാം രക്തം തെറിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ജയനഗരത്തിലെ അപ്പോളോ ആശുപത്രിയിലാണ് കുമാരസ്വാമിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ വാര്‍ത്താ സമ്മേളനം മാറ്റിവയ്ക്കുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പ പിന്നീട് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. മൈസൂരു അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി(മുഡ) അഴിമതി ആരോപിച്ച് സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ പ്രചാരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ബി.ജെ.പിയും ജെ.ഡി.എസും സംയുക്തമായി പദയാത്ര പ്രഖ്യാപിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുമാരസ്വാമി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്കു വിധേയനായത്.

Summary: HD Kumaraswamy hospitalised after his nose starts bleeding during press conferenceHD Kumaraswamy hospitalised after his nose starts bleeding during press conference

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News