മോദി അധികാരത്തിലെത്തിയ ശേഷം സ്ത്രീകളുടെ ഉയരം രണ്ടിഞ്ചു കൂടി: ഹരിയാന ബിജെപി പ്രസിഡണ്ട്
"എന്റെ സഹോദരിമാരുടെ ഉയരവും ഇങ്ങനെ വർധിച്ചു"
ചണ്ഡിഗഡ്: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ സ്ത്രീകളുടെ ശാരീരിക ഉയരത്തിൽ വർധനയുണ്ടായെന്ന് ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷൻ ഒപി ധൻഘഡ്. തന്റെ സഹോദരിമാരിലും ഈ മാറ്റം ഉണ്ടായെന്ന് മഹേന്ദ്രഗഡ് ഭിവാനി ലോക്‌സഭാ മണ്ഡലത്തിൽ സംഘടിപ്പിച്ച ബിജെപി റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
'മോദി സർക്കാറിന്റെ കാലത്ത് സ്ത്രീകളുടെ ഉയരത്തിൽ രണ്ടിഞ്ച് വർധനയുണ്ടായി. എന്റെ സഹോദരിമാരുടെ ഉയരവും ഇങ്ങനെ വർധിച്ചു. സർക്കാർ എല്ലാ വീടുകളിലും ഗ്യാസും വെള്ളവുമെത്തിച്ചു.' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഒമ്പത് വർഷമായി മോദിയുടെ കാലത്ത് ഒരഴിമതി പോലുമുണ്ടായില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് യുപിഎ കാലത്തുണ്ടായത്. ഇപ്പോൾ അതില്ല. പ്രധാനമന്ത്രി സുതാര്യമായാണ് സർക്കാർ മുമ്പോട്ടുകൊണ്ടു പോകുന്നത്. കഴിഞ്ഞ തവണ പത്തു സീറ്റിലാണ് ബിജെപി ജയിച്ചത്. ഇത്തവണയും അത് നിലനിർത്തും- ധൻഘഡ് കൂട്ടിച്ചേർത്തു.
2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഹരിയാനയിലെ പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ ബിഹാറി സ്ത്രീകളെ കൊണ്ടുവരുമെന്ന ധൻഘഡിന്റെ പ്രസ്താവന വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 'ബിജെപി ശക്തമാകുക എന്ന് പറഞ്ഞാൽ നാട്ടിൽ പെണ്ണുകിട്ടാതെ നടക്കുന്ന പുരുഷന്മാർക്ക് വിവാഹം ചെയ്യാൻ കഴിയുക എന്നതു കൂടിയാണ്. സുശീൽ മോദി (ബിഹാർ ബിജെപി നേതാവ്) എന്റെ നല്ല സുഹൃത്താണ്. അദ്ദേഹത്തോട് സംസാരിച്ച് ബിഹാറിൽ നിന്ന് നല്ല സ്ത്രീകളെ കൊണ്ടുവരും.' - എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധങ്ങളുയർന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായിരുന്ന സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ദേശീയ കോർഡിനേറ്ററായിരുന്ന ധൻഘഡ് ഹരിയാന കാബിനറ്റിൽ അംഗമായിരുന്നു. ബദാലി മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമാണ്.