അറസ്റ്റുണ്ടായേക്കുമെന്ന വാർത്തകൾക്കിടെ മന്ത്രിമാരുടെ യോഗം വിളിച്ച് ഹേമന്ത് സോറൻ
റാഞ്ചിയിലെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുന്നത്
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ കുരുക്ക് മുറുക്കി ഇ.ഡി. ഹേമന്ത് സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് 36 ലക്ഷം രൂപയും രണ്ട് ആഡംബര കാറുകളും ഇഡി പിടിച്ചെടുത്തു. ഇഡി നീക്കത്തിനു പിന്നാലെ ജാർഖണ്ഡിൽ എംഎൽഎമാരുടെ നിർണായക യോഗം ചേർന്നു. ജോലിക്ക് ഭൂമി കോഴ കേസിൽ തേജസ്വി യാദവിൻെറ ചോദ്യം ചെയ്യൽ പട്നയിലെ ഇഡി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്.
അനധികൃത വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തത് ഉൾപ്പടെ 3 ഇഡി കേസുകളാണ് ഹേമന്ത് സോറൻ നേരിടുന്നത്. പത്താമതായി ലഭിച്ച സമൻസിന് ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും താൻ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഹേമന്ത് സോറൻ മറുപടി നൽകിയിട്ടുണ്ട്. ഡൽഹിയിലെ പരിശോധനയിൽ ഇ.ഡി പിടിച്ചെടുത്ത 36 ലക്ഷം രൂപയും കാറുകളും അനധികൃത ധന സമ്പാദനത്തിലൂടെ ഹേമന്ത് സോറൻ സ്വന്തമാക്കി എന്നാണ് ആരോപണം.
ഡൽഹിയിൽ നിന്ന് മടങ്ങിയ ഹേമന്ത് സോറൻ ഒളിവിലാണെന്ന് ജാർഖണ്ഡ് ബിജെപി നേതൃത്വം ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുഖ്യമന്ത്രി റാഞ്ചിയിൽ എത്തിയത്. അതിനിടെ മുഖ്യമന്ത്രിയെ കാണാനില്ലെന്നാരോപിച്ച് റാഞ്ചി ഹൈക്കോടതിയില് ബിജെപി ഹേബിയസ് കോർപ്പസ് ഹരജിയും നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ മാനനഷ്ട കേസ് നൽകുമെന്ന് ജാർഖണ്ഡ് മുക്തിമോർച്ച നേതൃത്വം വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് വിളിപ്പിച്ചാൽ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ഹേമന്ത് സോറൻ്റെ ഭാര്യ കല്പന സോറൻ ഉൾപ്പടെയുള്ള പാർട്ടി നേതാക്കളുടെ യോഗം ജെ.എം.എം റാഞ്ചിയിൽ ചേർന്നത്. ഹേമന്ത് സോറൻ അറസ്റ്റിലായാൽ മുഖ്യമന്ത്രി സ്ഥാനം ഭാര്യ കല്പന സോറൻ ഏറ്റെടുതേക്കും എന്നാണ് സൂചന.
റെയിൽവേ ജോലിക്ക് കോഴയായി ഭൂമി കൈപ്പറ്റി എന്ന കേസിലാണ് തേജസ്വി യാദവിനെ ഇഡി ചോദ്യം ചെയ്തത്. ഇന്നലെ ഒമ്പത് മണിക്കൂർ ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്തതിന് പിന്നാലെ ആണ് ഇന്ന് തേജസ്വി യാദവിനെയും ഇഡി വിളിപ്പിച്ചത്. ചോദ്യം ചെയ്യൽ നടന്ന പട്നയിലെ ഇഡി ഓഫീസിന് മുൻപിൽ ആർജെഡി പ്രവർത്തകരും എത്തിയിരുന്നു.