കോൺഗ്രസ് വർക്കിങ് കമ്മിറ്റി: മുഖ്യമന്ത്രിമാരാൽ തഴയപ്പെട്ടവർക്ക് അവസരം നൽകി ഹൈക്കമാൻഡ്

അശോക് ഗെഹ്‍ലോട്ടില്ലാത്ത പരമോന്നത സമിതിയിലേക്കാണ് സച്ചിൻ പൈലറ്റിനെ നിയമിച്ചത്

Update: 2023-08-21 01:15 GMT
Advertising

ഡല്‍ഹി: കഴിഞ്ഞ ദിവസം കോൺഗ്രസ് വർക്കിങ് കമ്മിറ്റി പ്രഖ്യാപിച്ചപ്പോൾ അത് കോൺഗ്രസ് മുഖ്യമന്ത്രിമാർക്കുള്ള മുന്നറിയിപ്പ് കൂടിയായി. അശോക് ഗെഹ്‍ലോട്ടില്ലാത്ത പരമോന്നത സമിതിയിലേക്കാണ് സച്ചിൻ പൈലറ്റിനെ നിയമിച്ചത്. മറ്റു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരാൽ തഴയപ്പെട്ടവർക്ക് ഹൈക്കമാൻഡ് അവസരം നൽകി.

രാജസ്ഥാനിൽ അശോക് ഗെഹ്‍ലോട്ട് ഒതുക്കി മൂലയ്ക്കിരുത്തിയപ്പോൾ സച്ചിൻ പൈലറ്റിന് ഹൈക്കമാൻഡിന്റെ ഉറപ്പായിരുന്നു ഉചിതമായ പദവി. ഉപമുഖ്യമന്ത്രി കസേരയോ പി.സി.സി അധ്യക്ഷ പദമോ സച്ചിന് തിരികെ നൽകണം എന്ന ഹൈക്കമാൻഡിന്റെ ആവശ്യത്തെ ഗെഹ്‍ലോട്ട് കേട്ടില്ലെന്നു നടിക്കുകയായിരുന്നു. അവസാന ഒരു വര്‍ഷം മുഖ്യമന്ത്രിപദം ചോദിച്ച സച്ചിന് വീണ്ടും നിരാശനാകേണ്ടിവന്നു. ഗെഹ്‍ലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കി സച്ചിനെ മുഖ്യമന്ത്രിയാക്കാമെന്നു കരുതി കരുക്കൾ നീക്കിയപ്പോൾ ഗെഹ്‍ലോട്ട് ഒരു മുഴം നീട്ടിയെറിഞ്ഞു. മുഖ്യമന്ത്രി പദത്തോടൊപ്പം കോൺഗ്രസ് അധ്യക്ഷനാകാം എന്ന നിലപാടാണ് അറിയിച്ചത്. ഈ നീക്കവും പാളിയതോടെ സച്ചിൻ ഉയർത്തുന്ന സമ്മർദം മറുഭാഗത്ത് കൂടിവന്നു.

സച്ചിൻ നടത്തിയ പദയാത്രയിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് പങ്കെടുത്തത്. ഗെഹ്‍ലോട്ടിനെ ഉപേക്ഷിക്കാനോ സച്ചിനെ ഉൾപ്പെടുത്താനോ കഴിയാത്ത അവസ്ഥ. ഒടുവിൽ സച്ചിനെ പ്രവർത്തക സമിതി അംഗമാക്കാം എന്ന വാഗ്ദാനത്തിൽ തോണി അടുപ്പിച്ചു. ഈ വാഗ്ദാനമാണ് ഇന്നലെ നടപ്പിലാക്കിയത്. ഗെഹ്‍ലോട്ടിന് മാത്രമല്ല മറ്റു മുഖ്യമന്ത്രിമാർക്കും ചെറിയ കഷായം നൽകിയിട്ടുണ്ട്. സിദ്ധരാമയ്യ മന്ത്രി സ്ഥാനം നിഷേധിച്ച ബി.കെ ഹരിപ്രസാദിനെ സ്ഥിരം ക്ഷണിതാവാക്കി.

ഛത്തിസ്‌ഗഡ്‌ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ക്യാബിനറ്റിലെ താമ്ര ധ്വജ സാഹുവിനെ പ്രവർത്തക സമിതിയിലെ സ്ഥിരം അംഗമാക്കി. ഹിമാചൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുഖ്‌വിന്ദർ സുഖുവിന്റെ ഒപ്പം ഉയർന്ന പേര് പി.സി.സി അധ്യക്ഷ പ്രതിഭാ സിംഗിന്റേതായിരുന്നു. പ്രതിഭയെ സ്ഥിരം ക്ഷണിതാവാക്കി. പ്രവർത്തക സമിതി അംഗങ്ങളുടെ എണ്ണം 23ല്‍ നിന്നും 35 ആക്കിയതോടെയാണ് കൂടുതൽ പേരെ താക്കോൽ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ഹൈക്കമാൻഡിന് കഴിഞ്ഞത്.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News