ഹിമാചൽ കോൺഗ്രസ് വർക്കിങ് പ്രസിഡണ്ട് ഹർഷ് മഹാജൻ ബിജെപിയിൽ
നിയമസഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെയാണ് കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക് ചേക്കേറുന്നത്
ന്യൂഡൽഹി: ഹിമാചൽ പ്രദേശ് കോൺഗ്രസ് വർക്കിങ് പ്രസിഡണ്ടും മുൻ കാബിനറ്റ് മന്ത്രിയുമായ ഹർഷ് മഹാജൻ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവരുടെ സാന്നിധ്യത്തിൽ ഡൽഹി ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഇദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു. ഛംബ നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്നു തവണ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച നേതാവാണ് മഹാജൻ.
1972 മുതൽ കോൺഗ്രസ് അംഗമായ ഇദ്ദേഹത്തിന് സ്വദേശമായ ഛംബയിൽ വലിയ ജനസ്വാധീനമുണ്ട്. മുൻ മന്ത്രിയും സ്പീക്കറുമായ രാജ് മഹാജന്റെ മകനാണ്. 1986 മുതൽ 1995 വരെ സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്നു.
1993, 1998, 2003 വർഷങ്ങളിലാണ് വിധാൻസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1998ൽ മൃഗസംരക്ഷണ വകുപ്പു മന്ത്രിയായി. നിയമസഭാ തെരഞ്ഞെടുപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കെയാണ് കോൺഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കി മഹാജൻ പാർട്ടി വിടുന്നത്. ഈ വർഷം മെയിലാണ് ഇദ്ദേഹത്തെ പാർട്ടി വർക്കിങ് പ്രസിഡണ്ടായി നിയമിച്ചിരുന്നത്. നവംബറിലാണ് ഹിമാചലിലെ തെരഞ്ഞെടുപ്പ്.
കോൺഗ്രസിന് സംസ്ഥാനത്ത് ദിശാബോധം നഷ്ടപ്പെട്ടതായി മഹാജൻ കുറ്റപ്പെടുത്തി. 'സംസ്ഥാനത്ത് പാർട്ടിക്ക് നേതാവില്ല. കാഴ്ചപ്പാടില്ല. അടിത്തട്ടിൽ പ്രവർത്തകരില്ല. കുടുംബാധിപത്യം മാത്രമാണുള്ളത്.' - അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷം അന്തരിച്ച മുൻ മുഖ്യമന്ത്രി വിദർഭ സിങ്ങിന്റെ അടുത്ത അനുയായി ആയിരുന്നു മഹാജൻ. സിങ്ങിന്റെ ഭാര്യയാണ് നിലവിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ. മകൻ വിക്രമാദിത്യ സിങ് പാർട്ടി എംഎൽഎയാണ്.