ഗാന്ധി അധിക്ഷേപത്തിൽ ഖേദമില്ലെന്ന് ഹിന്ദുമത പുരോഹിതൻ കാളിചരൺ മഹാരാജ്
റായ്പൂരിലെ രാവൺ ഭാത ഗ്രൗണ്ടിലാണ് ദിവസങ്ങൾക്കുമുൻപ് വിവാദ സമ്മേളനം നടന്നത്. വിവാദ പ്രസംഗത്തിൽ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സെയെ മഹാരാജ് പ്രശംസിച്ചിരുന്നു.
മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപങ്ങളിൽ ഒട്ടും ഖേദമില്ലെന്ന് ഹിന്ദു മതപുരോഹിതൻ കളിചരൺ മഹാരാജ്. ഛത്തീഗഡിൽ കഴിഞ്ഞ ദിവസം നടന്ന 'ധർമ സൻസദ്' സമ്മേളനത്തിലായിരുന്നു ഇയാളുടെ അധിക്ഷേപം. സംഭവത്തിൽ മഹാരാജിനെതിരെ റായ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
'ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് എനിക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ, അധിക്ഷേപങ്ങളിൽ എനിക്ക് ഒരു പശ്ചാത്താപവുമില്ല. ഗാന്ധിയെ രാഷ്ട്രപിതാവായി ഞാൻ ഗണിക്കുന്നില്ല. സർദാർ വല്ലഭായി പട്ടേൽ പ്രധാനമന്ത്രിയാകാതിരിക്കാൻ കാരണം മഹാത്മാ ഗാന്ധിയാണ്. പട്ടേൽ പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യ അമേരിക്കയെക്കാളും ശക്തമായ രാജ്യമാകുമായിരുന്നു' -വീഡിയോ സന്ദേശത്തിൽ കളിചരൺ മഹാരാജ് പറഞ്ഞു. വിഡിയോയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മഹാരാജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസെന്നും റായ്പൂർ എസ്.പി പ്രശാന്ത് അഗർവാൾ പറഞ്ഞു.
ഞായറാഴ്ചയാണ് മഹാത്മാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് മഹാരാജിനെതിരെ പൊലീസ് കെസെടുത്തത്. റായ്പൂരിലെ മുൻ മേയർ പ്രമോദ് ദുബെ നൽകിയ പരാതിയിലാണ് നടപടി. ഇതേ പരാമർശങ്ങളുടെ പേരിൽ മഹാരാഷ്ട്രയിലെ അകോല പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റായ്പൂരിലെ രാവൺ ഭാത ഗ്രൗണ്ടിലാണ് ദിവസങ്ങൾക്കുമുൻപ് വിവാദ സമ്മേളനം നടന്നത്. വിവാദ പ്രസംഗത്തിൽ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സെയെ മഹാരാജ് പ്രശംസിച്ചിരുന്നു. ഇന്ത്യയെ തകർത്തയാളാണ് ഗാന്ധിയെന്നും അതിനാൽ ഗാന്ധി ഘാതകനായ ഗോഡ്സെയെ താൻ അഭിനന്ദിക്കുന്നുവെന്നും പ്രസംഗത്തിൽ കളിചരൺ മഹാരാജ് പറയുന്നുണ്ട്. ഇന്ത്യയെ രാഷ്ട്രീയത്തിലൂടെ പിടിച്ചടക്കുകയാണ് ഇസ്ലാമിന്റെ ലക്ഷ്യമെന്നും പ്രസംഗത്തിൽ ആരോപിക്കുന്നു.