''ഹിറ്റ്‌ലറും സസ്യാഹാരിയായിരുന്നു''; ബാലപീഡകന്റെ വധശിക്ഷ ശരിവച്ച് മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിലെ പുതുകോട്ടയിൽ 26കാരൻ ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന കേസിൽ വിചാരണാകോടതിയുടെ വിധി പരിശോധിക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്

Update: 2022-01-13 17:39 GMT
Editor : Shaheer | By : Web Desk
Advertising

80 ലക്ഷത്തോളം മനുഷ്യരെ കൊല്ലാൻ ഉത്തരവിടുകയും ലക്ഷക്കണക്കിനു പേരുടെ മരണത്തിന് ഉത്തരവാദിയാകുകയും ചെയ്ത അഡോൾഫ് ഹിറ്റ്‌ലർ സസ്യാഹാരിയായിരുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതിനെ എതിർത്തിരുന്നയാളുമാണ് ഹിറ്റ്‌ലറെന്നും പുറംകാഴ്ചകൾ കൊണ്ടും പെരുമാറ്റം കൊണ്ടും ഒരാളെയും വിധിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന യുവാവിന്റെ വധശിക്ഷ ശരിവച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.

തമിഴ്‌നാട്ടിലെ പുതുകോട്ടയിൽ 26കാരൻ ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ വിചാരണാകോടതിയുടെ വിധി പരിശോധിക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. വിചാരണാകോടതി വധശിക്ഷയായിരുന്നു പ്രതിക്ക് വിധിച്ചത്. ശിക്ഷയിൽ ഇളവ് നൽകാനാകുമോയെന്ന കാര്യം പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എസ് വൈദ്യനാഥനും ജി ജയചന്ദ്രനുമടങ്ങിയ ബെഞ്ച്.

ഒരു കോടതി ഉത്തരവിലൂടെ ഒരാളുടെ ജീവൻ അപഹരിക്കുന്നതിനെക്കുറിച്ച് തുടക്കത്തിൽ അൽപം സംശയാലുക്കളായിരുന്നു തങ്ങളെന്ന് ബെഞ്ച് പറഞ്ഞു. വധശിക്ഷ ജീവപര്യന്തമാക്കാനായിരുന്നു ആലോചിച്ചതെന്നും ഇവർ വെളിപ്പെടുത്തി. തുടർന്ന് അഡോൾഫ് ഹിറ്റ്‌ലറുടെ ജീവിതവും ഖുർആനിലെയും ബൈബിളിലെയും മഹാഭാരതത്തിലെയും തമിഴ് ഭക്തിഗായകൻ ശീർകാഴി എസ് ഗോവിന്ദരാജന്റെയും വരികൾ വിവരിച്ചു. വിവിധ സുപ്രീംകോടതി ഉത്തരവുകൾകൂടി ഉദ്ധരിച്ച് അപൂർവങ്ങളിൽ അപൂർവം കേസാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.

2020 ജൂൺ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ എന്ന സാമിവേൽ എന്ന യുവാവ് പട്ടികജാതിക്കാരിയായ ബാലികയെ ഒരു ക്ഷേത്രത്തിലേക്ക് പിടിച്ചുകൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയേക്കാമെന്ന ഭയത്താൽ സ്ഥലത്തുണ്ടായിരുന്ന ഒരു മരത്തിൽ കുട്ടിയുടെ തലയിടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. മുഖവും ശരീരഭാഗങ്ങളുമെല്ലാം വികൃതമാക്കിയ ശേഷം ഗ്രാമത്തിലെ വറ്റിവരണ്ട കുളത്തിൽ ഉപേക്ഷിച്ചു. തുടർന്ന് മൃതദേഹം ആളുകളുടെ ശ്രദ്ധയിൽനിന്ന് മറയ്ക്കാൻ പൊന്തയും കുറ്റിച്ചെടികളും കൊണ്ടുമൂടുകയായിരുന്നു.

Summary: ''Hitler was vegetarian, Cannot judge man by outer appearance'', Madras HC upholds death penalty of child rapist

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News