'നിങ്ങൾ എൻ്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ റായ്ബറേലിയിലെ വോട്ടർമാർക്ക് കത്തെഴുതി സോണിയ ഗാന്ധി
രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് സോണിയ ഗാന്ധി ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു
ന്യൂഡൽഹി:റായ് ബറേലിയിലെ വോട്ടർമാർക്ക് കത്തെഴുതി സോണിയഗാന്ധി.നിങ്ങൾ എന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കുന്നതെന്നും സോണിയ ഗാന്ധിയെഴുതിയ കത്തിൽ പറയുന്നു. രാജസ്ഥാനിൽ നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് ഗാന്ധി ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
"റായ്ബറേലിയുമായുള്ള അടുത്ത ബന്ധം വളരെ പഴക്കമുള്ളതാണ്.റായ്ബറേലിയുമായുള്ള ഞങ്ങളുടെ കുടുംബത്തിൻ്റെ ബന്ധം വളരെ ആഴത്തിലുള്ളതാണ്. സ്വാതന്ത്ര്യാനന്തരം നടന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിങ്ങൾ എൻ്റെ ഭാര്യാപിതാവ് ഫിറോസ് ഗാന്ധിയെ ഇവിടെ നിന്ന് വിജയിപ്പിച്ച് ഡൽഹിയിലേക്ക് അയച്ചു.അദ്ദേഹത്തിനു ശേഷം നിങ്ങൾ എൻ്റെ അമ്മായിയമ്മ ഇന്ദിരാഗാന്ധിയെ നിങ്ങളുടെ ഒപ്പം നിർത്തി. ആരോഗ്യവും പ്രായവും കാരണം ഞാൻ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇനി നിങ്ങളെ സേവിക്കാൻ എനിക്ക് അവസരം ഉണ്ടാകില്ല. എന്നാൽ എൻ്റെ ഹൃദയം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും സോണിയ കത്തിൽ പറഞ്ഞു’
2004 മുതൽ റായ്ബറേലിയിൽനിന്നുള്ള എംപിയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് സോണിയ. 2019 ദേശീയ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ മുഴുവൻ കോൺഗ്രസ് തിരിച്ചടി നേരിട്ടപ്പോഴും റായ്ബറേലി സോണിയയെ കൈവിട്ടിരുന്നില്ല. ഇക്കുറിയും അവർ അവിടെ മത്സരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. അതേസമയം, മകൾ പ്രിയങ്കയാണ് ആ മണ്ഡലത്തിൽ നിന്ന് മത്സരിക്കുക.
കർണാടകയും തെലങ്കാനയും തങ്ങളുടെ സംസ്ഥാനങ്ങളിലൂടെ രാജ്യസഭാംഗമാകാൻ സോണിയയെ ക്ഷണിച്ചിരുന്നു. എന്നാൽ പ്രാദേശിക സന്തുലനം പാലിക്കാൻ അവർ രാജസ്ഥാൻ തിരഞ്ഞെടുക്കുകയായിരുന്നു. രാഹുൽഗാന്ധി കേരളത്തിൽനിന്നും മല്ലികാർജുൻ ഖാർഗെ കർണാടകയിൽനിന്നും പാർലമെൻറിലെത്തുമ്പോൾ ഹിന്ദി ഹൃദയ ഭൂമിയിൽ മുതിർന്ന നേതാവായ സോണിയയെ നിർത്തുകയായിരുന്നു. അതേസമയം, സോണിയ ഗാന്ധിയെ രാജസ്ഥാനിലേക്ക് അശോക് ഗെഹ്‌ലോട്ട് സ്വാഗതം ചെയ്തു.