വീട്ടിൽ ബീഫ് സൂക്ഷിച്ചെന്ന്; ബജ്രംഗ്ദൾ പരാതിയിൽ അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കളുടെ വീട് തകർത്ത് അധികൃതർ
ഇവർക്കെതിരെ പൊലീസ് എൻഎസ്എ (ദേശീയ സുരക്ഷാ നിയമം) ചുമത്തി കേസെടുത്തിരുന്നു.
ഭോപ്പാൽ: വീട്ടിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കളുടെ വീട് തകർത്ത് അധികൃതർ. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ നൂറാബാദ് സ്വദേശികളായ ജാഫർ ഖാൻ, അസ്ഗർ ഖാൻ എന്നിവരുടെ വീടുകളാണ് അധികൃതർ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തത്. ഇവർക്കെതിരെ പൊലീസ് എൻഎസ്എ (ദേശീയ സുരക്ഷാ നിയമം) ചുമത്തി കേസെടുത്തിരുന്നു.
ഇവരുടെ വീട്ടിൽ പശുവിനെ അറുക്കുന്നത് കണ്ടെന്നും താൻ എതിർത്തപ്പോൾ കൈയേറ്റം ചെയ്തെന്നും ആരോപിച്ച് ബജ്രംഗ്ദൾ നേതാവായ ദിലീപ് സിങ് ഗുജ്ജാർ ആണ് പരാതി നൽകിയത്. സംഭവത്തിൽ യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നും എൻഎസ്എ ചുമത്തി ജയിലിലടയ്ക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.
പൊലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർക്കൊപ്പം പ്രതിഷേധവുമായെത്തിയാണ് ഇയാൾ ആവശ്യമുന്നയിച്ചത്. തുടർന്ന് ജൂൺ 21ന് ഇരുവരുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ ബീഫ് കണ്ടെത്തിയെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു നടപടി.
പരാതിയിൽ ജാഫറും അസ്ഗറും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം ആറ് പേരെ അറസ്റ്റ് ചെയ്ത പൊലീസ് മധ്യപ്രദേശ് പശുക്കശാപ്പ് നിരോധന നിയമം, മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം, ഐപിസി എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. ജാഫറിനും അസ്ഗറിനുമെതിരെ എൻഎസ്എയും ചുമത്തി. ഗോവധക്കുറ്റം തെളിയിക്കപ്പെട്ടാൽ മധ്യപ്രദേശിൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
ജൂൺ 16ന്, മധ്യപ്രദേശിലെ മണ്ഡലയിലെ ഗോത്രഗ്രാമത്തിലെ 11 മുസ്‌ലിം വീടുകൾ അനധികൃത ബീഫ് കച്ചവടം ആരോപിച്ച് അധികൃതർ തകർത്തിരുന്നു. വീട് നഷ്ടപ്പെട്ട 11 ആളുകളുടെ പേരിൽ കേസെടുക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, ജവോര, രത്‌ലം, സിയോനി എന്നിവിടങ്ങളിലും കഴിഞ്ഞയാഴ്ചകളിൽ നിരവധി മുസ്‌ലിംകളുടെ വീടുകൾ അധികൃതർ ബുൾഡോസറുകളുമായെത്തി പൊളിച്ചിരുന്നു.