അമിത് ഷാക്കെതിരെ നാഗാലാൻഡിൽ കൂറ്റൻ റാലി
സൈന്യത്തിന് അധികാരം നൽകുന്ന അഫ്സപ പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ നാഗാലാൻഡിൽ കൂറ്റൻ റാലി. വെടിവെപ്പ് നടന്ന മോണ്‍ ജില്ലയിലാണ് അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. വെടിവെപ്പിനെ കുറിച്ച് പാർലമെന്‍റില്‍ അമിത് ഷാ നടത്തിയ പ്രസ്താവന തെറ്റാണെന്നും ഇത് പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സൈന്യം ആവശ്യപ്പെട്ടിട്ടും ഖനി തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് നിർത്താതെ പോയതാണ് വെടിവെപ്പിൽ കലാശിച്ചതെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ തിങ്കളാഴ്ച പാർലമെന്‍റില്‍ നടത്തിയ പ്രസ്താവന. ഇത് തെറ്റായ കാര്യമാണെന്നും സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും പ്രദേശവാസികൾ വ്യക്തമാക്കി. പാർലമെന്‍റില്‍ നടത്തിയ പ്രസ്താവന പിൻവലിച്ച് അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് കൊന്യാക് യൂണിയനും മനുഷ്യാവകാശ പ്രവർത്തകരും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പ്രതിഷേധിച്ചത്. അമിത് ഷായുടെ കോലവും പ്രതിഷേധക്കാർ കത്തിച്ചു. സൈന്യത്തിന് അധികാരം നൽകുന്ന അഫ്സപ പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നും കൊന്യാക് യൂണിയൻ വ്യക്തമാക്കി.