ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു; ഡൽഹിയിലും ഹരിയാനയിലും വെള്ളക്കെട്ട് രൂക്ഷം
ഒരാഴ്ച കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
ഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഡൽഹിയിലും ഹരിയാനയിലും വെള്ളക്കെട്ട് രൂക്ഷം. കനത്ത മഴ റെയിൽ -റോഡ് ഗതാഗങ്ങളെ കാര്യമായി ബാധിച്ചു. ഒരാഴ്ച കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടുദിവസമായി തുടരുന്ന മഴയ്ക്ക് ശമനമില്ല. പഞ്ചാബ് ഹരിയാന ഡൽഹി രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മഴ തുടരുകയാണ്. ഡൽഹിയിലും ഹരിയാനയിലെ ഗുരുഗ്രാമിലും റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഡൽഹിയിലെ നജ്ഗഡ്, ദ്വാരക എന്നിവിടങ്ങളിൽ ശക്തമായ മഴയെ തുടർന്ന് റോഡുകളിലേക്ക് മരം വീണു.
പഞ്ചാബിലും രാജസ്ഥാനിലും മഴയ്ക്ക് ശമനം ഇല്ല. ജയ്സാല്‍മറില്‍ കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ വെള്ളം കയറി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഹിമാചൽ പ്രദേശിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിമാചലിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 24 പേരാണ് മരിച്ചത്. 24 മണിക്കൂറിനുള്ളിൽ കാൻഗ്ര, സിർമൗർ, മാണ്ഡി ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക സാധ്യതക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ ഒരാഴ്ച കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.