ആര്യന്‍ ഖാനെതിരായ കേസില്‍ ഉദ്യോഗസ്ഥ ഇടപെടല്‍ സംശയകരം: എന്‍.സി.ബി റിപ്പോര്‍ട്ട്
എന്‍.സി.ബിയിലെ എട്ട് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംശയകരമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസ് അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് എന്‍.സി.ബിയുടെ ആഭ്യന്തര റിപ്പോര്‍ട്ട്. എന്‍.സി.ബിയിലെ എട്ട് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംശയകരമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തലവന് സമര്‍പ്പിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്.
ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യശുദ്ധിയില്‍ റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 65 പേരുടെ മൊഴി രേഖപ്പെടുത്തി. ചിലർ മൂന്നും നാലും തവണ മൊഴിമാറ്റി. ആര്യന്‍ ഖാനെ കേസില്‍ പെടുത്തിയത് പണം തട്ടാനാണെന്ന ആരോപണം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതേസമയം ചിലരെ പ്രത്യേകമായി ലക്ഷ്യം വെച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആഡംബര കപ്പലിലെ ലഹരിക്കേസിന് പുറമേ മറ്റു ചില കേസുകളിലെ അന്വേഷണത്തിലും ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് വിവരം.
"ഈ കേസിൽ 7 മുതൽ 8 വരെ എന്‍.സി.ബി ഓഫീസർമാരുടെ പങ്ക് സംശയാസ്പദമാണെന്ന് കണ്ടെത്തി. വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്‍.സി.ബിക്ക് പുറത്തുള്ളവർക്കെതിരെ നടപടിയെടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് അനുമതി തേടിയിട്ടുണ്ട്"- എന്നാണ് എന്‍.സി.ബി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്.
ആഡംബര കപ്പലിലെ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ആര്യന്‍ ഖാന്‍ അടക്കം 15 പേരെ എന്‍.സി.ബി. അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസില്‍ ആര്യന്‍ ഖാന്‍ അടക്കം ആറു പ്രതികള്‍ക്ക് എന്‍.സി.ബി ക്ലീന്‍ചിറ്റ് നല്‍കി. കേസില്‍ ഇവര്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്നും അന്വേഷണത്തില്‍ അപാകതയുണ്ടായെന്നുമാണ് എന്‍.സി.ബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ 26 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. പിന്നാലെ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത റെയ്ഡിന് നേതൃത്വം നല്‍കിയ സമീര്‍ വാങ്കഡെയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.