രാമക്ഷേത്ര ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന ആവശ്യം ശക്തമാക്കി ഇന്‍ഡ്യ സഖ്യകക്ഷികള്‍
ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്
ഡല്‍ഹി: അയോധ്യാ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തിനെതിരെ ഇൻഡ്യ മുന്നണിയിൽ പ്രതിഷേധം ശക്തമാകുന്നു. ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കെ.പി.സി.സിക്ക് പുറമെ മറ്റു ചില സംസ്ഥാന നേതൃത്വങ്ങളും പങ്കെടുക്കരുതെന്ന ആവശ്യവുമായി കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഇൻഡ്യ മുന്നണിയിൽ ആദ്യം നിലപാട് വ്യക്തമാക്കിയത് ഇടത് പാർട്ടികൾ ആണ്. മതപരമായ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നു എന്ന് സി.പി.എം പോളിറ്റ് ബ്യൂറോയും സി.പി.ഐയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ആർ.ജെ.ഡി തീരുമാനം ലാലു പ്രസാദ് യാദവും ജെഡിയു നിലപാട് നിതീഷ് കുമാറും തൃണമൂൽ കോൺഗ്രസ് നിലപാട് മമത ബാനർജിയും വ്യക്തമാക്കിയത്. എൻ.സി.പി നേതാവ് ശരദ് പവാറിന് ഇത് വരെ ക്ഷണം ലഭിച്ചിട്ടില്ല. സമാജ്‌വാദി പാർട്ടിയേ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് ബി.ജെ.പി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് സോണിയാ ഗാന്ധി, മൻമോഹൻ സിംഗ്, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് ലഭിച്ച ക്ഷണത്തെ കോൺഗ്രസ് അനുഭാവപൂർവം പരിഗണിക്കുന്നത്. ഈ നിലപാട് അംഗീകരിക്കാൻ ഇൻഡ്യ മുന്നണിയിലെ മിക്ക പാർട്ടികൾക്കും സാധിക്കുന്നില്ല.
അതുകൊണ്ട് തന്നെ തീരുമാനത്തിൽ നിന്ന് കോൺഗ്രസ് പിന്മാറണം എന്നാണ് സഖ്യ കക്ഷികളുടെ നിലപാട്. പല സംസ്ഥാന നേതൃത്വങ്ങളും കേന്ദ്ര നേതൃത്വത്തിൽ സമാന ആവശ്യം ഉന്നയിച്ച് സമ്മർദ്ദം ചെലുത്തുന്നുണ്ട്. നേരത്തെ സോണിയാ ഗാന്ധിയോ പ്രതിനിധിയോ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പൊൾ മൗനം പാലിക്കുകയാണ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്ന നീക്കമാണ് അയോധ്യാ രാമക്ഷേത്ര ഉദ്ഘാടനം. ഇതിനെ സീതാ തീർഥാടന പദ്ധതികൾ കൊണ്ട് മറികടക്കാൻ ആണ് നിതീഷ് കുമാർ ശ്രമിക്കുന്നത്. രാമൻ്റെ ജന്മഭൂമിയായി ഉത്തർപ്രദേശിനെ കരുതുന്ന പോലെ സീതയുടെ ജന്മഭൂമിയായി കരുതുന്നത് ബിഹാറിനെയാണ്. സീത ക്ഷേത്ര പുനരുദ്ധാരണത്തിനും ആത്മീയ ടൂറിസം പദ്ധതികൾക്കുമായി 70 കോടി രൂപയാണ് ബിഹാർ സർക്കാർ വകയിരുത്തിയിരിക്കുന്നത്.