ട്രംപിന്‍റെ വ്യാപാര ഭീഷണി; ഇറക്കുമതി തീരുവയിൽ കൂടുതൽ മാറ്റം വരുത്താൻ ഇന്ത്യ
താരിഫ് പരിഷ്കരണ പ്രക്രിയ തുടരുമെന്ന് ധനമന്ത്രി


ന്യൂഡൽഹി: വിദേശങ്ങളിൽനിന്നുള്ള വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് തുടരാൻ ഇന്ത്യ. വ്യാപാര പങ്കാളികൾക്ക് പരസ്പര താരിഫ് ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നീക്കം. തുണിത്തരങ്ങൾ മുതൽ മോട്ടോർ സൈക്കിളുകൾ വരെയുള്ള ഇറക്കുമതിയുടെ തീരുവയിൽ വൻ കുറവ് ആഴ്ചകൾക്ക് മുമ്പ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇറക്കുമതി തീരുവ പരിഷ്കരിക്കുന്ന പ്രക്രിയ തുടരുമെന്ന് ധനമന്ത്രി തിങ്കളാഴ്ച പറഞ്ഞു.
‘ഒരു നിക്ഷേപക സൗഹൃദ രാജ്യമായി മാറുകയാണ് ലക്ഷ്യം. അതിന്‍റെ ഭാഗമായി തീരുവ കുറയ്ക്കലുകൾ തുടർന്നും ചെയ്യും’ -തിങ്കളാഴ്ച മുംബൈയിൽ നടന്ന പരിപാടിയിൽ നിർമ്മല സീതാരാമൻ പറഞ്ഞു.
ട്രംപ് സമാനമായ താരിഫ് ഏർപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നുണ്ട്. ട്രംപിന്‍റെ നയം പ്രാബല്യത്തിൽ വന്നാൽ ഇന്ത്യയ്ക്കു മേലുള്ള യുഎസ് താരിഫ് നിലവിലെ മൂന്ന് ശതമാനത്തിൽനിന്ന് 15 ശതമാനത്തിന് മുകളിലേക്ക് ഉയരുമെന്ന് മിത്സുബിഷി യുഎഫ്ജെ ഫിനാൻഷ്യൽ ഗ്രൂപ്പ് ഇൻകോർപ്പറേറ്റഡിന്‍റെ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ട്രംപ് ഭരണകൂടം പരസ്പര താരിഫ് എങ്ങനെയാണ് ഏർപ്പെടുത്തുക എന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല. ഇന്ത്യൻ കയറ്റുമതിയിൽ യുഎസ് 20 ശതമാനം തീരുവ ചുമത്തിയാൽ അത് മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ 50 അടിസ്ഥാന പോയിന്‍റുകളുടെ നഷ്ടത്തിന് കാരണമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ സൗമ്യ കാന്തി ഘോഷ് മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞയാഴ്ച വാഷിങ്ടണിൽ ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, 2025ലെ ശരത്കാലത്തോടെ വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഇരട്ടിയാക്കുക എന്ന ലക്ഷ്യവും നിശ്ചയിച്ചിട്ടുണ്ടെന്ന് മോദി വ്യക്തമാക്കുകയുണ്ടായി.
അതേസമയം, ഇന്ത്യ അന്യായമായ തീരുവകൾ ചുമത്തുന്നുവെന്ന വാദത്തെ ചെറുക്കാൻ ഉദ്യോഗസ്ഥരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ‘ഇന്ത്യയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട 30 ഇറക്കുമതികൾക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ് താരിഫ് നിരക്കുകൾ’ എന്നാണ് തിങ്കളാഴ്ച മുംബൈയിൽ നടന്ന പരിപാടിയിൽ ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞത്. ഉയർന്ന തീരുവകൾ വളരെ കുറച്ച് ഉൽപ്പന്നങ്ങൾക്ക് മാത്രമാണ്. അമേരിക്കയുമായുള്ള ചർച്ചകളിലൂടെ ആ കാര്യങ്ങൾ പരിഹരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബർബൺ വിസ്കിയുടെ തീരുവ 150 ശതമാനത്തിൽനിന്ന് 100 ശതമാനമായി കഴിഞ്ഞദിവസം ഇന്ത്യ കുറച്ചിരുന്നു. യുഎസ് ആസ്ഥാനമായുള്ള മദ്യക്കമ്പനികൾക്കാണ് ഈ തീരുമാനം കൂടുതൽ ഗുണകരമാവുക.