മ്യാൻമറിൽനിന്ന് 900 കുകി ആയുധധാരികൾ എത്തിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; മണിപ്പൂരിൽ അതീവ ജാഗ്രത
സെപ്റ്റംബർ 28ഓടെ മെയ്തേയ് ഗ്രാമങ്ങൾക്ക് നേരെ ആസൂത്രിതമായി ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് വിവരം
ഇംഫാൽ: മ്യാൻമറിൽനിന്ന് 900ത്തിലധികം കുകി സായുധസേന അംഗങ്ങൾ മണിപ്പൂരിലെത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മലയയോര ജില്ലകളിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നതെന്ന് സംസ്ഥാന സർക്കാറിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് പറഞ്ഞു.
ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് പൊലീസ് ഡയറക്ടർ ജനറൽ, സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര കമ്മീഷണർ എന്നിവർക്ക് നൽകിയ ഇന്റലിജൻസ് റിപ്പോർട്ടിന്റെ പകർപ്പ് ജനങ്ങൾക്കിടയിൽ പ്രചരിച്ചിരുന്നു. ഇത് മെയ്തേയികൾ താമസിക്കുന്ന താഴ്വാര പ്രദേശങ്ങളിൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.
സെപ്റ്റംബർ 16നാണ് ഇന്റലിജൻസ് വിവരം ലഭിക്കുന്നത്. ഡ്രോൺ അധിഷ്ഠിത ബോംബുകൾ, പ്രൊജക്ടൈലുകൾ, മിസൈലുകൾ, വനത്തിൽ യുദ്ധം ചെയ്യൽ എന്നിവയിൽ പരിശീലനം ലഭിച്ച 900ത്തിലധികം കുകി ആയുധാധാരികൾ മ്യാൻമറിൽനിന്ന് മണിപ്പൂരിലെത്തിയെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. 30 യൂനിറ്റുകളായി ഇവരെ തരംതിരിച്ചിട്ടുണ്ടെന്നും ഇവർ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബർ 28ഓടെ മെയ്തേയി ഗ്രാമങ്ങൾക്ക് നേരെ ആസൂത്രിതമായി ഒരുമിച്ച് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു.
പുതിയ ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 18ന് സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ്ങിന്റെ അധ്യക്ഷതയിൽ സ്ട്രാറ്റജിക് ഓപറേഷൻ ഗ്രൂപ്പിന്റെ അടിയന്തര യോഗം ചേർന്നു. സൈന്യം, അസം റൈഫിൾസ്, അതിർത്തി സുരക്ഷാ സേന, സിആർപിഎഫ്, സംസ്ഥാന പൊലീസ് തുടങ്ങിയ സുരക്ഷാ ഏജൻസികളുടെ മുതിർന്ന ഉദ്യോഗസ്ഥരെല്ലം യോഗത്തിൽ പങ്കെടുത്തു.
ഇന്റലിജൻസ് വിവരങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തുവെന്ന് കുൽദീപ് സിങ് പറഞ്ഞു. ഈ പ്രശ്നത്തെ എങ്ങനെ നേരിടാമെന്നതിൽ വിശദമായി ചർച്ച ചെയ്തു. പരിശോധന ശക്തമാക്കാൻ എല്ലാ ഏജൻസികൾക്കും നിർദേശം നൽകി. കൂടാതെ ചുരാചന്ദ്പുർ, ഫെർസാവ്ൽ, ടെങ്ക്നോപാൽ, കാംജോങ്, ഉഖ്റുൽ എന്നിവിടങ്ങളിലെ ജില്ലാ മേധാവികളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടതായും കുൽദീപ് സിങ് പറഞ്ഞു.
സംസ്ഥാനത്ത് സെപ്റ്റംബർ ഒന്ന് മുതൽ വീണ്ടും ആക്രമണ സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഡ്രോൺ, മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൗത്രക്, സെഞ്ജാം ചിരാങ് എന്നീ ഗ്രാമങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ച് ബോംബുകൾ വർഷിച്ചത്. ബിഷ്ണുപുർ ജില്ലയിലെ ഗ്രാമങ്ങളിലാണ് ലോങ് റേഞ്ച് റോക്കറ്റുകൾ ഉപോയഗിച്ചുള്ള ആക്രമണമുണ്ടായത്.
ഏകദേശം 10 അടി നീളവും 30 കിലോഗ്രാം തൂക്കവുമുള്ള വിക്ഷേപിക്കാത്ത ഒരു റോക്കറ്റും ഉപയോഗിക്കാത്ത മൂന്നെണ്ണവും കണ്ടെടുത്തതായി കുൽദീപ് സിങ് വ്യക്തമാക്കി. 468 ബങ്കറുകൾ ഇതുവരെ തകർത്തു. 17 ഡ്രോണുകളെ വിജയകരമായി തടഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡ്രോൺ ആക്രമണ കേസ് എൻഐഎ ആണ് അന്വേഷിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ആഭ്യന്തര സംഘർഷ മേഖലയിൽ ഡ്രോണുകൾ ഉപയോഗിക്കുന്നത്. ഇത്തരം ആക്രമണ പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് തടയാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്.
മണിപ്പൂരിൽ ഒന്നര വർഷമായി തുടരുന്ന കലാപത്തിനിടെ പൊലീസ് സ്റ്റേഷനുകളടക്കം ആക്രമിച്ച് ആയുധങ്ങൾ കടത്തിയിരുന്നു. ഇത്തരത്തിൽ 6000 ആയുധങ്ങൾ നഷ്ടമായെന്നാണ് സർക്കാർ കണക്ക്. വിവിധ സമയങ്ങളിലായി 2681 ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിൽ 1400 ആയുധങ്ങൾ കൊള്ളയടിച്ചവയിൽ ഉൾപ്പെട്ടതല്ല. 800ഓളം വരുന്ന അത്യാധുനിക ആയുധങ്ങളാണ്. കലാപകാരികളുടെ കൈവശം നേരത്തേ തന്നെ ആയുധമുണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ആയുധങ്ങൾ കടത്തൽ, ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട് 530ഓളം പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ആയുധങ്ങളും ഡ്രോണുകളും ബോംബുകളുമെല്ലാം പ്രാദേശികമായി നിർമിക്കുന്നതല്ലെന്നും മ്യാൻമർ വഴിയാണ് ഇന്ത്യയിലേക്ക് വരുന്നതെന്നും ഇവയെക്കുറിച്ച് പഠിച്ച സുരക്ഷാ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നുണ്ട്. അതിർത്തിയിൽ പലയിടത്തും സുരക്ഷാവേലിയില്ലാത്തത് ആയുധങ്ങൾ കടത്താൻ സഹായകരമാകുന്നു. അതിർത്തി മുഴുവനായി വേലികെട്ടി സംരക്ഷിക്കൽ ഉടൻ സാധ്യമല്ല. അതിനാൽ തന്നെ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുകയാണ് ഉടനടി ചെയ്യേണ്ടതെന്നും അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ സുരക്ഷാ സേനകൾക്ക് ഇത്തരത്തിലുള്ള ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാനുള്ള പഴുതടച്ച സംവിധാനമില്ല എന്നതും വെല്ലുവിളിയാകുന്നുണ്ട്. കുകി വിഭാഗങ്ങളാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെനനാണ് മെയ്തേയ്ക്കാരുടെ ആരോപണം.