ജയിലിലടയ്ക്കപ്പെട്ട പ്രൊഫസര്‍ ഹാനി ബാബുവിന് ബെല്‍ജിയം സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടവും ഭാഷാ അവകാശങ്ങളോടുള്ള പ്രതിബദ്ധതയും ന്യൂനപക്ഷങ്ങൾക്ക് തുല്യവിദ്യാഭ്യാസത്തിനായുള്ള ശ്രമങ്ങളും പരിഗണിച്ചാണ് ആദരം

Update: 2023-03-23 14:55 GMT

Hany Babu

Advertising

ഡല്‍ഹി: ഭീമ കൊറേഗാവ് - എൽഗാർ പരിഷത്ത് കേസിൽ അറസ്റ്റിലായ ഡൽഹി സർവകലാശാല പ്രൊഫസര്‍ ഹാനി ബാബുവിന് ബെൽജിയത്തിലെ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ഗെന്‍റ് സർവകലാശാലയാണ് ഹാനി ബാബുവിനെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്.

ഹാനി ബാബുവിന്‍റെ പേര് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തത് ഗെന്‍റ് യൂണിവേഴ്‌സിറ്റിയിലെ ആർട്‌സ് ആൻഡ് ഫിലോസഫി വിഭാഗമാണ്. അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടവും ഭാഷാ അവകാശങ്ങളോടുള്ള പ്രതിബദ്ധതയും ന്യൂനപക്ഷങ്ങൾക്ക് തുല്യവിദ്യാഭ്യാസത്തിനായുള്ള ശ്രമങ്ങളും പരിഗണിച്ചാണ് ഹാനി ബാബുവിന് ഓണററി ഡോക്ടറേറ്റ് നല്‍കിയതെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ജെന്നി റൊവേന പറഞ്ഞു. ജെന്നിയും ഡൽഹി സർവകലാശാലയിലെ പ്രൊഫസറാണ്.

ഓണററി ഡോക്ടറേറ്റ് മാര്‍ച്ച് 24ന് യൂണിവേഴ്സിറ്റിയുടെ വാർഷിക ദിനത്തിൽ കൈമാറും. ജര്‍മന്‍ ഭാഷാ വിഭാഗത്തിലെ ഡോ. ആനി ബ്രീറ്റ്ബാർത്ത് ഹാനി ബാബുവിനായി ബഹുമതി സ്വീകരിക്കും. ഡോ.ഹാനി ബാബുവിന് പുറമെ അമേരിക്ക, യു.കെ, കാനഡ, ഓസ്ട്രിയ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആറ് ഗവേഷകർക്കും ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും.

ഡൽഹി സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറാണ് ഹാനി ബാബു. സാമൂഹ്യനീതിക്കായി നിലകൊണ്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. 2018ലെ ഭീമ - കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 16 മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളാണ് ഹാനി ബാബു. ഭീമ കൊറേഗാവ് യുദ്ധത്തിന്‍റെ ഇരുന്നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. അറസ്റ്റിലായവര്‍ക്കെതിരെ യു.എ.പി.എ വകുപ്പ് ഉള്‍പ്പെടെ ചുമത്തി.

Summary- Delhi University professor and noted academic Dr Hany Babu, who is one of the UAPA prisoners in the Bhima Koregaon-Elgar Parishad case has been granted an honorary doctorate degree by Ghent University in Belgium.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News