വഖഫ് ഭേദഗതി ബിൽ: ജെപിസി അധ്യക്ഷനെ ആശങ്കയറിയിച്ച് ജമാഅത്തെ ഇസ്‍ലാമി പ്രതിനിധി സംഘം

വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നതോടെയാണ് വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടത്

Update: 2024-09-06 18:09 GMT
Advertising

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി കമ്മിറ്റി അധ്യക്ഷൻ ജഗദാംബിക പാലുമായി കൂടിക്കാഴ്ച നടത്തി ജമാഅത്തെ ഇസ്‍ലാമി ഉന്നതതല പ്രതിനിധി സംഘം. പ്രസിഡന്റ് സയ്യിദ് സദത്തുല്ല ഹുസൈനിയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായി നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമായതിനാലും വഖഫ് സ്വത്തുക്കളുടെ സ്വയംഭരണത്തിനും പരിപാലനത്തിനും കാര്യമായി ഭീഷണി ഉയർത്തുന്നതിനാലും നിർദിഷ്ട ബില്ലിനെക്കുറിച്ച് ജമാഅത്ത് പ്രതിനിധികൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള ജമാഅത്ത് നേതാക്കൾ ജോയിന്റ് പാർലമെന്റ് കമ്മിറ്റിയിലെ വിവിധ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടാതെ ജമാഅത്ത് കേന്ദ്ര പ്രതിനിധി സംഘം മുഴുവൻ ജെപിസി അംഗങ്ങളുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.

വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നതോടെയാണ് വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്. ഭരണഘടനാപരമായ നിരവധി പിഴവുകൾ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വിശദമായ പരിശോധന നടത്താനാണ് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News