വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്
ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജിയിൽ പറയുന്നു.


ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹരജി.
ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജിയിൽ പറയുന്നു. വഖഫ് ഭേദഗതി നിയമത്തിനെതിരെ ഇതിനോടകം നിരവധി രാഷ്ട്രീയ പാർട്ടികളും സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.
മുസ്‍ലിം വ്യക്തിനിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, സമസ്ത തുടങ്ങിയ സംഘടനകളും ആർജെഡി, മുസ്‍ലിം ലീഗ്, ഡിഎംകെ, എഐഎംഐഎം, സിപിഐ, തൃണമൂൽ കോൺഗ്രസ്, മണിപ്പൂരിലെ ഭരണകക്ഷിയും എൻഡിഎ സഖ്യകക്ഷിയുമായ നാഷനൽ പീപ്പിൾസ് പാർട്ടി തുടങ്ങിയ പാർട്ടികളുമാണ് സുപ്രിംകോടതിയെ സമീപിച്ചത്.
കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, ആം ആദ്മി പാര്‍ട്ടി എംഎൽഎ അമാനത്തുല്ല ഖാൻ എന്നിവരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ ഈ മാസം 16ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക.
ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ. 10 ഹരജികളാണ് ബെഞ്ചിന്റെ പരിഗണനക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഭേദഗതി നടപ്പാക്കിയാൽ ഉണ്ടാകാൻ പോവുന്ന ദോഷങ്ങളെക്കുറിച്ചും ആഘാതങ്ങളെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്താനാണ് ഹരജിക്കാർ ഒരുങ്ങുന്നത്.
പ്രതിപക്ഷ എതിർപ്പ് അവഗണിച്ച് ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബിൽ ഏപ്രിൽ അഞ്ചിന് അർധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്. തുടർന്ന് ഏപ്രിൽ എട്ട് മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു.