വഖഫ് നിയമഭേദഗതി ചർച്ച ചെയ്യാൻ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് യോഗം; നിയമപോരാട്ടം ഉൾപ്പെടെ ചർച്ചയാകും
വഖ്ഫ് നിയമഭേദഗതിക്കെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു


ന്യൂ ഡൽഹി: വഖഫ് നിയമഭേദഗതി ചർച്ച ചെയ്യാൻ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് യോഗം ചേരുന്നു. ഡൽഹിയിലെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ആസ്ഥാനത്താണ് യോഗം. നിയമപോരാട്ടം ഉൾപ്പെടെ ചർച്ച ചെയ്യാനാണ് യോഗം. നേരത്തെ വഖ്ഫ് നിയമഭേദഗതിക്കെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
ഹരജിയില്‍ കോടതി തീരുമാനമെടുക്കുന്നതു വരെ നിയമം നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെ തടയണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഉപയോഗം വഴി വഖഫ് എന്ന വ്യവസ്ഥ ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി അംഗീകരിച്ചതാണെന്നും അതു പോലും എടുത്തുകളയുന്നതാണ് പുതിയ നിയമമെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ നിയന്ത്രണത്തിലുള്ള സ്വത്തുക്കള്‍ വഖഫ് ആവില്ലെന്ന വ്യവസ്ഥയേയും ആദിവാസികള്‍ക്ക് വഖഫ് ചെയ്യാനാവില്ലെന്ന വ്യവസ്ഥയേയും ഹരജി ചോദ്യം ചെയ്യുന്നുണ്ട്. വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര സമുദായങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
നിയമം ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്ന് ഹരജിയിൽ പറയുന്നു. മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള അപകടകരമായ ഗൂഢാലോചനയാണ് ഇതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യപരമായ പോരാട്ടം അവസാന തുള്ളി രക്തം വരെ തുടരുമെന്നും അധ്യക്ഷൻ മൗലാന അർഷദ് മദനി വ്യക്തമാക്കിയിട്ടുണ്ട്.