രാജ്യസഭയിലേക്ക് അഞ്ചാം തവണ; ജയ ബച്ചനും അമിതാഭ് ബച്ചനും കൂടി 1,578 കോടിയുടെ സ്വത്ത്,ആഡംബര വാഹനങ്ങളും ആഭരണങ്ങളും
2004 മുതല്‍ സമാജ്‍വാദി പാര്‍ട്ടിയില്‍ അംഗമായ ജയ പ്രശസ്ത നടന്‍ അമിതാഭ് ബച്ചന്‍റെ ഭാര്യ കൂടിയാണ്
ഡല്‍ഹി: പ്രശസ്ത നടിയും സമാജ്‍വാദി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയുമായ ജയാ ബച്ചന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇത് അഞ്ചാം തവണയാണ് ജയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഫെബ്രുവരി 27ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ജയക്കൊപ്പം മറ്റ് രണ്ട് സ്ഥാനാര്‍ഥികളായ രാംജിലാല്‍ സുമന്‍,അലോക് രഞ്ജന്‍ എന്നിവരെയും എസ്.പി പ്രഖ്യാപിച്ചിട്ടുണ്ട്.
2004 മുതല്‍ സമാജ്‍വാദി പാര്‍ട്ടിയില്‍ അംഗമായ ജയ പ്രശസ്ത നടന്‍ അമിതാഭ് ബച്ചന്‍റെ ഭാര്യ കൂടിയാണ്. 75കാരിയായ ജയയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനും ജയ ബച്ചനും കൂടി 1,578 കോടി രൂപയുടെ ആസ്തിയാണുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിൽ, 2022-23 സാമ്പത്തിക വർഷത്തിൽ ജയാ ബച്ചൻ്റെ വ്യക്തിഗത ആസ്തി 1,63,56,190 രൂപയും അമിതാഭ് ബച്ചൻ്റെ ആസ്തി 273,74,96,590 രൂപയുമാണ്. 729.77 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കൾക്കൊപ്പം ജംഗമ വസ്തുക്കളായി 849.11 കോടി രൂപയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജയാ ബച്ചൻ്റെ ബാങ്ക് ബാലൻസ് 10,11,33,172 രൂപയും അമിതാഭ് ബച്ചൻ്റേത് 120,45,62,083 രൂപയുമാണ്.
ജയയുടെ കൈവശം 40.97 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും 9.82 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഫോർ വീലറുമുണ്ട്. ബച്ചന്‍ കുടുംബത്തിന്‍റെ ആഡംബര ജീവിതമാണ് അവരുടെ സ്വത്തുക്കളിൽ പ്രതിഫലിക്കുന്നത്.അമിതാഭ് ബച്ചന് 54.77 കോടി രൂപയുടെ ആഭരണങ്ങളും രണ്ട് മെഴ്‌സിഡസും ഒരു റേഞ്ച് റോവറും ഉൾപ്പെടെ 16 വാഹനങ്ങളുണ്ട്. 17.66 കോടി രൂപ വിലമതിക്കുന്ന വാഹനങ്ങളാണ് ബച്ചനുള്ളത്. ദമ്പതികളുടെ സംയുക്ത ആസ്തികളിൽ വിവിധ സ്രോതസ്സുകളിലൂടെ സമ്പാദിച്ച സ്വത്ത് ഉൾപ്പെടുന്നു.ജയ ബച്ചന് ലഭിച്ച പുരസ്കാരങ്ങള്‍, എം.പിയെന്ന നിലയില്‍ ലഭിക്കുന്ന ശമ്പളം, പ്രൊഫഷണൽ ഫീസ് എന്നിവയിൽ നിന്നെല്ലാം സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. അതേസമയം അമിതാഭ് ബച്ചന്‍ ബാങ്ക് നിക്ഷേപത്തില്‍ നിന്നുള്ള പലിശ, വാടക, ലാഭവിഹിതം, മൂലധന നേട്ടം, സോളാർ പ്ലാൻ്റിൽ നിന്നുള്ള വരുമാനം എന്നിവയിൽ നിന്ന് വരുമാനം നേടുന്നു.
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ ജയ രാജ്യസഭയിലെ ഏറ്റവും സജീവമായ അംഗമാണ്. പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ച് റിപ്പോര്‍ട്ട് പ്രകാരം ജയക്ക് 2009 നും 2024 നും ഇടയിലുള്ള കാലയളവില്‍ സഭയില്‍ 82% ഹാജർ ഉണ്ടായിരുന്നു. ഇത് ദേശീയ ശരാശരിയായ 79% നേക്കാൾ മൂന്ന് ശതമാനം കൂടുതലാണ്.2009 നും 2024 നും ഇടയിൽ താരം 292 ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. ഇതുവരെ ഒരു സ്വകാര്യ ബില്ലും അവതരിപ്പിച്ചിട്ടില്ല. ചോദ്യോത്തര വേളയിൽ 451 ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. 2023 ലെ മൺസൂൺ സെഷൻ മുതൽ അടുത്തിടെ സമാപിച്ച ബജറ്റ് സമ്മേളനം വരെ ബച്ചൻ രാജ്യസഭയുടെ ഒരു സിറ്റിംഗും നഷ്‌ടപ്പെടുത്തിയിട്ടില്ല.