ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബില്ലിൽ വിശദമായ ചർച്ച വേണമെന്ന് ജെഡി(യു)
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ജെഡി(യു) നിലപാട് വ്യക്തമാക്കിയത്.


ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ വിശദമായ ചർച്ച വേണമെന്ന് ജെഡി(യു). പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് എൻഡിഎ ഘടക കക്ഷിയായ ജെഡി(യു) ബിൽ തിരക്കുപിടിച്ച് നടപ്പാക്കുന്നതിൽ എതിർപ്പറിയിച്ചത്. ബില്ലിൽ വിശദമായ ചർച്ച വേണമെന്നും ജെഡി(യു) ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കിരൺ റിജിജു, ജെ.പി നഡ്ഡ, അർജുൻ രാം മേഘ്‌വാൾ, എൽ. മുരുഗൻ എന്നിവർ പങ്കെടുത്തു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ' കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. നിലവിൽ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലാണ്. ബിൽ ധൃതി പിടിച്ച് നടപ്പാക്കാരുതെന്ന് ജെഡി(യു) എംപി സഞ്ജയ് കുമാർ ഝാ ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗൊഗോയ്, ഇടത് എംപിമാരായ ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, തൃണമൂൽ എംപിമാരായ സുദീപ് ബന്ദ്യോപാധ്യായ, ഡെറെക് ഒബ്രിയെൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പുതിയ പാർലമെന്റ് മന്ദിരത്തിലെ സീറ്റിങ് ക്രമീകരണത്തിനെതിരെയും പ്രതിപക്ഷാംഗങ്ങൾ വിമർശനമുന്നയിച്ചു. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്. എൻഡിഎ ഘടകകക്ഷികളായ ജെഡി(യു)വും ടിഡിപിയും ഇതിനെ പിന്തുണച്ചു. സീറ്റിങ് ക്രമീകരണം ഏകപക്ഷീയമായി തീരുമാനിച്ചതാണെന്ന് ഇവർ കുറ്റപ്പെടുത്തി.
വഖഫ് ഭേദഗതി ബില്ലിൽ ജെപിസിയുടെ നടപടിക്രമങ്ങൾക്കെതിരെ പ്രതിപക്ഷ എംപിമാർ യോഗത്തിൽ രൂക്ഷ വിമർശനമുയർത്തി. വഖഫ് ബില്ലിലെ ജെപിസി നടപടിക്രമങ്ങൾ ജനാധിപത്യത്തെ പരിഹസിക്കുന്ന വെറും പ്രഹസനം മാത്രമായിരുന്നുവെന്ന് എംപിമാർ പറഞ്ഞു. കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചതിൽ യുപി സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് എംപിമാർ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക വർധിപ്പികണമെന്ന് സമാജ്‌വാദി പാർട്ടി എംപി രാംഗോപാൽ യാദവ് ആവശ്യപ്പെട്ടു.