ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
21 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്
ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 21 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലും ഇന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്രയിൽ വിമതരെ അനുനയിപ്പിക്കാൻ ബിജെപി നീക്കം ആരംഭിച്ചു.
ജാർഖണ്ഡ് ധനമന്ത്രി രാമേശ്വർ ഒറോൺ ലോഹർദാഗിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവായ അജോയ് കുമാർ ജംഷെഡ്പൂർ ഈസ്റ്റിൽ നിന്നും ജനവിധി തേടും. 81 മണ്ഡലങ്ങൾ ഉള്ള ജാർഖണ്ഡിൽ 70 എണ്ണത്തിലും ജെഎംഎമ്മും കോൺഗ്രസും മത്സരിക്കാനാണ് ധാരണ. ബാക്കി സീറ്റുകൾ ഇൻഡ്യ മുന്നണിയിലെ മറ്റ് കക്ഷികൾക്ക് വീതിച്ചുനൽകുമെന്നാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറിയിച്ചത്.
എന്നാൽ ഇതിൽ അതൃപ്തി വ്യക്തമാക്കി ആർജെഡി, ഇടതു പാർട്ടികൾ രംഗത്ത് വന്നത് ഇൻഡ്യ സഖ്യത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. അതേസമയം മഹാരാഷ്ട്രയിലും കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. ഇന്നലെ ചേർന്ന കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം മഹാരാഷ്ട്രയിലെ 63 സ്ഥാനാർത്ഥികളുടെ പട്ടിക അംഗീകരിച്ചിട്ടുണ്ട്. അതിനിടെ മഹാരാഷ്ട്രയിൽ തർക്കം തുടരുന്ന 30 സീറ്റുകളിൽ മഹാ വികാസ് അഘാടിയിൽ ഇന്ന് ചർച്ചകൾ നടക്കും. അതേസമയം ബിജെപി ആദ്യ പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ വിമത ഭീഷണി ശക്തമാണ്. വിമതരെ അനുനയിപ്പിച്ച് പ്രചാരണത്തിൽ മുന്നേറുകയാണ് ബിജെപിയുടെ ലക്ഷ്യം.