'അനുമതി നല്‍കിയിട്ടില്ല': ബിബിസി ഡോക്യുമെന്‍ററിക്ക് ജെ.എന്‍.യുവില്‍ പ്രദര്‍ശന വിലക്ക്

കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്ററി പ്രദർശനം തടസ്സമാകുമെന്ന് അധികൃതർ

Update: 2023-01-23 16:39 GMT
ജെ.എന്‍.യു
Advertising

ഡല്‍ഹി: ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററി ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍. ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല. കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്‍ററി പ്രദര്‍ശനം തടസ്സമാകുമെന്നും അധികൃതര്‍ പറഞ്ഞു.

"2023 ജനുവരി 24ന് രാത്രി 9 മണിക്ക് 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ ജെ.എന്‍.യു.എസ്.യുവിന്‍റെ പേരിൽ ഒരു ലഘുലേഖ പുറത്തിറക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പരിപാടിക്ക് ജെ.എൻ.യു അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. ഇത്തരമൊരു അനധികൃത പ്രവർത്തനം യൂണിവേഴ്സിറ്റി കാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തും. വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് പരിപാടി റദ്ദാക്കണം. അല്ലെങ്കില്‍ യൂണിവേഴ്സിറ്റി നിയമ പ്രകാരം അച്ചടക്ക നടപടി നേരിടേണ്ടിവരും"- എന്നാണ് രജിസ്ട്രാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

നാളെ രാത്രി 9 മണിക്ക് വിദ്യാർഥി യൂണിയൻ ഓഫീസില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ നേരത്തെ അറിയിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ച പ്രദര്‍ശനം അനുവദിക്കില്ലെന്നാണ് യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചത്. നേരത്ത ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചിരുന്നു. വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റിയാണ് പ്രദർശനമൊരുക്കിയത്. ഇരുന്നൂറോളം വിദ്യാർഥികൾ ഡോക്യുമെന്ററി കാണാൻ എത്തിയിരുന്നു.

അതിനിടെ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ നിര്‍ദേശമനുസരിച്ച് ട്വിറ്ററും യൂട്യൂബും ഡോക്യുമെന്‍ററി നീക്കം ചെയ്യുമ്പോള്‍ ഡോക്യുമെന്‍ററിയുടെ ലഭ്യമായ ലിങ്കുകള്‍ പങ്കുവച്ച് പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരായ ഡെറിക് ഒബ്രിയാന്‍, മൊഹുവ മൊയ്ത്ര, ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി തുടങ്ങിവരാണ് ഡോക്യുമെന്‍ററിയുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്തത്.

ഡോക്യുമെന്‍ററിയുടെ ഒന്നാം ഭാഗമാണ് ഇതിനകം പുറത്തിറങ്ങിയിരിക്കുന്നത്. ഗുജറാത്ത് വംശഹത്യയെ കുറിച്ചാണ് ഡോക്യുമെന്‍ററി. രണ്ടാം ഭാഗം നാളെ പുറത്തുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡോക്യുമെന്‍ററിക്ക് പിന്നിലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം. 

Summary- The Jawaharlal Nehru University (JNU) admin on Monday cancelled the screening of the controversial BBC Documentary on Prime Minister Narendra Modi.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News