ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിനൊരുങ്ങി കമലിന്‍റെ മക്കള്‍ നീതി മയ്യം
കോയമ്പത്തൂർ, മധുര, ദക്ഷിണ ചെന്നൈ എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകളിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു
ചെന്നൈ: 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ എതിർക്കുന്ന പാർട്ടികളുമായി രാഷ്ട്രീയ സഖ്യം രൂപീകരിക്കാനൊരുങ്ങി കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം(എംഎന്‍എം). കോയമ്പത്തൂർ, മധുര, ദക്ഷിണ ചെന്നൈ എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകളിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ എംഎൻഎം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പാർട്ടി സ്വീകരിക്കാൻ പോകുന്ന രാഷ്ട്രീയ നടപടികളെക്കുറിച്ച് കമൽഹാസൻ പാർട്ടി ജില്ലാതല പ്രവർത്തകരെ ധരിപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു.2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, തമിഴ്നാട്ടിലെ മൊത്തം വോട്ട് വിഹിതത്തിന്റെ 3.43 ശതമാനം എംഎൻഎം നേടിയിരുന്നു. ഈ സാഹചര്യത്തില്‍ മറ്റ് പാര്‍ട്ടിയുമായി സഖ്യം ചേരുന്നത് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സഹായിക്കുമെന്ന ധാരണയിലാണ് പാര്‍ട്ടി നേതൃത്വം.
2024ലെ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് മൂന്ന് ലോക്‌സഭാ സീറ്റുകളെങ്കിലും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് സഖ്യങ്ങൾ ആസൂത്രണം ചെയ്യുന്നത്.എന്നിരുന്നാലും, അടുത്ത തെരഞ്ഞെടുപ്പിൽ എംഎൻഎം ഒരിക്കലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് പാർട്ടി ഭാരവാഹികൾ ഐഎഎൻഎസിനോട് സ്ഥിരീകരിച്ചു.പാർട്ടി സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി എംഎൻഎം യുവജനവിഭാഗം സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇരുചക്രവാഹന റാലി നടത്തും.മികച്ച ഭരണം സംബന്ധിച്ച പാർട്ടിയുടെ നിലപാട് സംബന്ധിച്ച് എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ജനങ്ങളുമായി പാർട്ടി നേതൃത്വം ആശയവിനിമയം നടത്തും.